ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) അന്തിമരൂപമായി. 2026 ഒക്ടോബര്‍ 20 മുതല്‍ പുതിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.
നിലവില്‍ 240 കോടി ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി യു.എസ് ഡോളറിലേക്ക് എത്തിക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ കരാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയുടെ പുതിയ വാതിലുകള്‍ തുറക്കുന്ന കരാര്‍ കഴിഞ്ഞ ഏപ്രിലിലാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്.
കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം നികുതിയിളവ് ലഭ്യമാകും. ഇത് ഇന്ത്യന്‍ വ്യാപാരികള്‍ക്കും കയറ്റുമതി രംഗത്തിനും വന്‍ കുതിപ്പേകും. അതേസമയം തദേശീയ കര്‍ഷകരുടെയും വ്യവസായങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി വെണ്ണ, പാല്‍ക്കട്ടി ഉള്‍പ്പെടെയുള്ള ക്ഷീരോല്‍പന്നങ്ങള്‍, ഉള്ളി, ചില പ്രത്യേക ലോഹങ്ങള്‍ എന്നിവയെ നികുതി ഇളവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കരാറിന്റെ ഭാഗമായി അടുത്ത 15 വര്‍ഷത്തിനകം ഇന്ത്യയില്‍ 2000 കോടി ഡോളറിന്റെ വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ന്യൂസീലന്‍ഡ് പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ അവസരങ്ങളാണ് പുതിയ കരാറിലൂടെ തുറക്കപ്പെടുന്നത്. വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി പ്രതിവര്‍ഷം 5,000 താല്‍കാലിക തൊഴില്‍ വിസകള്‍ ന്യൂസീലന്‍ഡ് അനുവദിക്കും. കൂടാതെ ന്യൂസീലന്‍ഡില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ പഠിക്കുന്നവര്‍ക്ക്, പഠനശേഷമുള്ള വര്‍ക്ക് വിസ കാലാവധി മൂന്ന് മുതല്‍ നാല് വര്‍ഷം വരെയായി നീട്ടി നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ന്യൂസീലന്‍ഡിനെ തിരഞ്ഞെടുക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസമാകും.