ആന്റോ അഗസ്റ്റിന്റെ വാദം നുണ: വൈദ്യുതി ബില്ലും പഞ്ചായത്ത് രേഖകളും പുറത്ത്; തെളിവ് നശിപ്പിച്ചതിന് പുതിയ കേസിനും സാധ്യത

ആന്റോ അഗസ്റ്റിന്റെ വാദം നുണ: വൈദ്യുതി ബില്ലും പഞ്ചായത്ത് രേഖകളും പുറത്ത്; തെളിവ് നശിപ്പിച്ചതിന് പുതിയ കേസിനും സാധ്യത

കല്‍പറ്റ: വിദേശമദ്യ കേസില്‍ വാഴവറ്റയിലെ നാലുനില വീട് തന്റേതല്ലെന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വാദം പൂര്‍ണമായും തള്ളുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കെഎസ്ഇബിയുടെ വൈദ്യുതി ബില്ലും മുട്ടില്‍ പഞ്ചായത്തിലെ കെട്ടിട ഉടമസ്ഥത രേഖകളുമാണ് പ്രതിയുടെ വാദം പൊളിച്ചത്. കാരാപ്പുഴ റിസര്‍വോയറിനോട് ചേര്‍ന്നുള്ള മൂങ്ങനാനിയിലെ കെട്ടിടത്തിന്റെ 1167926013284 എന്ന കണ്‍സ്യൂമര്‍ നമ്പര്‍ ആന്റോ അഗസ്റ്റിന്റെ പേരില്‍ തന്നെയാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എക്‌സൈസിനെ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിലെ ബില്‍ പ്രകാരം 21,464 രൂപ ആന്റോ അടയ്ക്കാനുണ്ട്. ബാങ്ക് ജപ്തിയെത്തുടര്‍ന്ന് 2022 ജൂണില്‍ ലില്ലി ജോസ് എന്നയാള്‍ ലേലത്തില്‍ പിടിച്ച വീടാണിതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ 10,581 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 10/603 നമ്പര്‍ കെട്ടിടം ആന്റോയുടേതാണെന്ന് പഞ്ചായത്ത് രേഖകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് മൂന്നിന് ജിഎസ്ടി വകുപ്പിന് നല്‍കിയ മൊഴിയിലും സ്വന്തം വിലാസമായി ആന്റോ നല്‍കിയത് ഈ വീടാണ്. നിലവില്‍ ലില്ലി ജോസിനെ കേസിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നാണ് എക്‌സൈസിന്റെ നിലപാട്.

അതിനിടെ വീട്ടിലെ പരിശോധനയ്ക്കിടെ 22 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡി സ്റ്റോറേജ് ഡിവൈസ് ബോധപൂര്‍വം എടുത്തുമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് ആന്റോ അഗസ്റ്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെ പുറത്തുവന്ന പുതിയ തെളിവുകള്‍ പ്രതിക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.