ന്യൂയോര്‍ക്ക്: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്നും അവിടെ അടിസ്ഥാനപരമായ ഭരണമാറ്റമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ സംസാരിക്കവേയാണ് ട്രംപ് ക്യൂബന്‍ ഭരണകൂടത്തിനെതിരെ കനത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. കമ്മ്യൂണിസം ഒരിക്കലും അമേരിക്കയിലേക്ക് കടന്നുവരില്ലെന്ന് വ്യക്തമാക്കിയ അദേഹം, എന്നാല്‍ ക്യൂബയിലേക്ക് വൈകാതെ സ്വാതന്ത്ര്യം എത്തുമെന്നും സഭയെ ഓര്‍മിപ്പിച്ചു.
മുന്പെങ്ങുമില്ലാത്തവിധം കടുത്ത സമ്മര്‍ദ്ദമാണ് ക്യൂബന്‍ ഭരണകൂടം ഇപ്പോള്‍ നേരിടുന്നതെന്നും ഒരു പൂര്‍ണ പരാജയപ്പെട്ട രാജ്യമായി മാറിയ ക്യൂബ ഉടന്‍ തന്നെ വീഴുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ലോക നേതാക്കളെ സാക്ഷി നിര്‍ത്തി ട്രംപ് നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രസംഗത്തിനിടെ യുഎന്‍ പൊതുസഭാ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. തൊട്ടുമുന്‍പ് ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇറാനിയന്‍ പ്രതിനിധി സംഘവും സദസില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. നിലവില്‍ ക്യൂബയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സജീവമാണെന്ന് വ്യക്തമാക്കിയ ട്രംപ്, വരും ദിവസങ്ങളില്‍ അവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും പറഞ്ഞു.
കഴിഞ്ഞ ആറ് പതിറ്റാണ്ടില്‍ അധികമായി ക്യൂബയ്ക്ക് മേല്‍ അമേരിക്ക കടുത്ത വ്യാപാര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ സൈന്യത്തെ ഉപയോഗിച്ചതിന് ശേഷം, ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനുമേലുള്ള സമ്മര്‍ദ്ദം ട്രംപ് ഭരണകൂടം കൂടുതല്‍ ശക്തമാക്കി വരികയാണ്. ക്യൂബയില്‍ ഭരണമാറ്റം വേണമെന്ന് പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്ന ക്യൂബന്‍-അമേരിക്കന്‍ സമൂഹത്തിന്റെ ശക്തമായ പിന്തുണയും ട്രംപിനുണ്ട്.