ന്യൂയോര്‍ക്ക്: തങ്ങള്‍ ഭീകരവാദികളല്ലെന്നും മറിച്ച് ഭീകരവാദത്തിന് ഇരയായവരാണെന്നും യു.എന്‍ പൊതുസഭയില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെയും മിനാബ് സ്‌കൂള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പെസഷ്‌കിയാന്റെ പ്രസംഗം. പ്രസംഗം പുരോഗമിക്കുന്നതിനിടെ യു.എസ് പ്രതിനിധി സംഘം ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. യാതൊരു കാരണവുമില്ലാതെയാണ് ഇറാന്റെ പരമോന്നത നേതാവ് വധിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയ അദേഹം, യു.എസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തങ്ങളെ ആക്രമിച്ചപ്പോഴും സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇറാന്‍ ഒരിക്കലും മുട്ടുകുത്തില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും ഇറാന്‍ സജ്ജമാണെന്ന് വ്യക്തമാക്കിയ പെസഷ്‌കിയാന്‍, ബലപ്രയോഗത്തിന്റെയോ ഭീഷണിയുടെയോ ഭാഷ തങ്ങളോട് ചെലവാകില്ലെന്ന് ട്രംപിന് മുന്നറിയിപ്പ് നല്‍കി. ഇറാനെ തുടച്ചുനീക്കുമെന്ന തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്ക് അതേ വേദിയില്‍ വെച്ചുതന്നെയാണ് ഇറാന്‍ പ്രസിഡന്റ് മറുപടി നല്‍കിയത്.
അതിനിടെ യു.എന്‍ സമ്മേളനത്തിന് ശേഷം ട്രംപിന്റെ മുഖ്യദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഇറാനിയന്‍ പ്രതിനിധികളുമായി മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.