മാസപ്പടി ഡയറിയില്‍ വി.ഡി സതീശനടക്കം നിരവധി എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ പേരുകള്‍; രേഖ പുറത്തു വിട്ട് ഷോണ്‍ ജോര്‍ജ്

മാസപ്പടി ഡയറിയില്‍ വി.ഡി സതീശനടക്കം നിരവധി എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ  പേരുകള്‍; രേഖ പുറത്തു വിട്ട് ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി ഡയറിയുടെ പേജ് എന്ന് അവകാശപ്പെട്ട് പുതിയ രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മുഖ്യമന്ത്രി വി.ഡി സതീശന്‍ അടക്കമുള്ളവരുടെ പേരുകള്‍ ഇതിലുണ്ട്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിവാദ കമ്പനിയുടെ എംഡിയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയുടെ പേജ് എന്ന പേരില്‍ ഫെയ്സ് ബുക്കിലാണ് ഷോണ്‍ ജോര്‍ജ് രേഖ പങ്കുവെച്ചത്. വി.ഡി സതീശന്റേത് അടക്കം എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുന്ന ഡയറിയുടെ പേജ് എസ്എഫ്ഐഒ കോടതിയില്‍ സമര്‍പ്പിച്ച രേഖയെന്നാണ് ഷോണ്‍ ജോര്‍ജ് പറയുന്നത്.

രേഖയില്‍ വി.ഡി സതീശന് പുറമേ പിണറായി വിജയന്‍, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, കെ. മുരളീധരന്‍, ജി. സുധാകരന്‍, ശര്‍മ്മ, പന്ന്യന്‍, കെ. ചന്ദ്രന്‍ പിള്ള, പി. രാജീവ് അടക്കം നിരവധി ഇടത് - വലത് നേതാക്കളുടെ പേരുണ്ട്.

ഡയറിയുടെ പേജില്‍ വി.ഡി സതീശന് നേരെ അഞ്ചുലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഈ പേജിലെ കണക്കുകള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നതാണെന്നാണ് ഷോണ്‍ ജോര്‍ജ് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

'എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നതാണ്. വിവാദ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എന്‍ട്രികളില്‍ ഒരു പേജ് ആണ് ഇത്. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഒന്ന്'- ഡയറിയുടെ പേജ് സഹിതമുള്ള കുറിപ്പില്‍ ഷോണ്‍ ജോര്‍ജ് കുറിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.