'വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം; അല്ലെങ്കില്‍ എ.ഐ മനുഷ്യരാശിക്ക് ഭീഷണി': യുഎന്നില്‍ മുന്നറിയിപ്പുമായി പ്രമുഖ എ.ഐ കമ്പനി മേധാവിമാര്‍

'വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം; അല്ലെങ്കില്‍ എ.ഐ മനുഷ്യരാശിക്ക് ഭീഷണി': യുഎന്നില്‍ മുന്നറിയിപ്പുമായി   പ്രമുഖ എ.ഐ കമ്പനി മേധാവിമാര്‍

ന്യൂയോര്‍ക്ക്: ചെറിയ കാലംകൊണ്ട് ലോകമാകെ ശ്രദ്ധേയമായിക്കഴിഞ്ഞ കൃത്രിമ ബുദ്ധി (എ.ഐ) മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന ഗുരുതര മുന്നറിയിപ്പുമായി മുന്‍നിര എ.ഐ കമ്പനി മേധാവിമാര്‍.

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്യവേയാണ് ആന്ത്രോപിക് മേധാവി ഡാരിയോ അമോദി, ഓപ്പണ്‍ എ.ഐ സിഇഒ സാം ആള്‍ട്ട്മാന്‍ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ എ.ഐ വിനാശകരമായി മാറുമെന്നും ലോക രാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് ഈ വിഷയത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഡാരിയോ അമോദി ആവശ്യപ്പെട്ടു. ഒരേസമയം വലിയ ആഗോള സാധ്യതയും ഭീഷണിയുമാണ് ഈ സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ സാങ്കേതികവിദ്യ പൂര്‍ണമായും ജനാധിപത്യപരമായി മാറുക എന്നതാണ് പ്രധാനമെന്ന് സാം ആള്‍ട്ട്മാന്‍ ചൂണ്ടിക്കാട്ടി. എ.ഐയുടെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഏതാനും സ്വകാര്യ ലാബുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കരുത്. മറിച്ച്, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ജനാധിപത്യപരമായ ഇടപെടലുകളിലൂടെ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.ഐ നിയന്ത്രണങ്ങള്‍ക്കുള്ള നീക്കങ്ങളെ മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നെങ്കിലും ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍ വെച്ചുതന്നെ നിയന്ത്രണം വേണമെന്ന ആഹ്വാനവുമായി കമ്പനി മേധാവിമാര്‍ മുന്നോട്ടു വന്നത് ഏറെ ശ്രദ്ധേയമാണ്.

ഡിജിറ്റല്‍ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ഹഗ്ഗിങ് ഫെയ്‌സ് സ്ഥാപകന്‍ ക്ലെമന്റ് ഡെലാങ് സമ്മേളനത്തില്‍ സംസാരിച്ചു. അടുത്തിടെ ഓപ്പണ്‍ എ.ഐയുടെ ഒരു മോഡല്‍ ഉപയോഗിച്ച് ഹഗ്ഗിങ് ഫെയ്‌സ് സംവിധാനം ഹാക്ക് ചെയ്യപ്പെടുകയും പിന്നീട് ചൈനീസ് എ.ഐ മോഡലിന്റെ സഹായത്തോടെ അത് പ്രതിരോധിക്കുകയും ചെയ്ത സംഭവം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എ.ഐ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളെ ചെറുക്കാന്‍ എ.ഐ തന്നെ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇത് തെളിയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.