തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങള്‍ ഉയര്‍ന്ന ക്ലാസുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തുന്നു. എല്‍.പി, യു.പി ക്ലാസുകളിലെ കുട്ടികളുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് പ്രത്യേക പരിചരണവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു ശാസ്ത്രീയ സമീപനത്തിന് വഴിതേടുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും വിദ്യാര്‍ഥികളുടെ സുരക്ഷിതവും ഫലപ്രദവുമായ പഠനാന്തരീക്ഷത്തിനുള്ള അവകാശവും ഒരുപോലെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലെ നിയമപ്രകാരം മിനിമം 40 ശതമാനം പരിമിതിയുള്ളവര്‍ക്കാണ് ഭിന്നശേഷി സംവരണത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ അധ്യാപക നിയമനത്തില്‍ പരമാവധി വൈകല്യ ശതമാനം എത്രയാകാമെന്ന് വ്യക്തമാക്കാത്തതിനാല്‍ മാനസികരോഗാവസ്ഥയുള്ളവരും ബഹുവിധ ഭിന്നശേഷിയുള്ളവരും അധ്യാപകരായി നിയമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇതിന് പരിഹാരമായി സംവരണത്തിനുള്ള പരമാവധി പരിമിതി 70 ശതമാനമായി നിജപ്പെടുത്തണമെന്ന് സര്‍ക്കാര്‍ പാക്കേജിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അധ്യാപകരുടെ ഉത്തരവാദിത്തം കേവലം പഠന പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയ്ക്കും സുരക്ഷിതത്വത്തിനും അവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ അധ്യാപന തസ്തികയിലേക്ക് ആവശ്യമായ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിന് ഏകീകൃത പരിശോധനാ സംവിധാനം കൊണ്ടുവരണമെന്നും സാമൂഹിക നീതി വകുപ്പ് ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുകൂടാതെ നിയമപരമായ ഭിന്നശേഷി മാത്രം മാനദണ്ഡമാക്കാതെ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുള്ള തൊഴില്‍ അധിഷ്ഠിത ശാരീരിക-പ്രവര്‍ത്തനക്ഷമതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.