തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ അക്കാദമികളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും അമരത്തേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടിക്കലകള്‍ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ പ്രമുഖരാണ് സാംസ്‌കാരിക രംഗത്തിന് പുതിയ ദിശാബോധം നല്‍കാന്‍ എത്തുന്നത്.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (KSFDC) ചെയര്‍മാനായി പ്രശസ്ത നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാറിനെ നിയമിച്ചു. സംവിധായകന്‍ ആലപ്പി അഷ്‌റഫാണ് വൈസ് ചെയര്‍മാന്‍. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി പ്രമുഖ ഗായകന്‍ ജി. വേണുഗോപാല്‍ ചുമതലയേല്‍ക്കും. ഹേമന്ത്കുമാര്‍ വൈസ് ചെയര്‍മാനായും പ്രദീപ്കുമാര്‍ എന്‍.വി സെക്രട്ടറിയായും പ്രവര്‍ത്തിക്കും.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി പ്രമുഖ നടനും രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്ററുമായ രവീന്ദ്രനെയും വൈസ് ചെയര്‍പേഴ്‌സണായി നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പ്രിയങ്ക നായരെയുമാണ് നിയോഗിച്ചിരിക്കുന്നത്. നടന്‍ സലിം ഹസന്‍, യുവ സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ എന്നിവരാണ് അക്കാദമിയുടെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
നാടോടി കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദര്‍ശന്‍ വേദിയുടെ സംസ്ഥാന വൈസ് ചെയര്‍മാനുമായ സുരേഷ് ബാബു എളയാവൂരാണ് കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍. ഗോത്ര വിഭാഗങ്ങളുടെ അവകാശ പ്രവര്‍ത്തകനായ ശ്രീരാമന്‍ കൊയ്യോന്‍ വൈസ് ചെയര്‍മാനായും മുന്‍ സെക്രട്ടറി പ്രദീപ്കുമാര്‍ എം. പയ്യന്നൂര്‍ പുതിയ മെമ്പര്‍ സെക്രട്ടറിയായും ചുമതലയേല്‍ക്കും. കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനായി പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് എം. രഞ്ജിത്തിനെയും നിയമിച്ചു.