വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് സുഗമമാക്കാന്‍ യു.എസ് സൈന്യം സുരക്ഷ ശക്തമാക്കിയ പശ്ചാത്തലത്തില്‍, ഇറാനുമായി സമാധാന കരാറിലെത്താന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്റാന്‍ മുന്നോട്ടുവെച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം യു.എസ് പൂര്‍ണമായും തള്ളി.
ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും പകരം ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നുമായിരുന്നു ഇറാന്റെ ആവശ്യം. ഇതിനുപകരമായി അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, എണ്ണ കയറ്റുമതിക്കുള്ള വിലക്കുകള്‍ നീക്കുക എന്നി ആവശ്യങ്ങളും ഇറാന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ യുദ്ധത്തില്‍ ഇറാന്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്നും അവരുടെ ഉപാധികള്‍ അടങ്ങിയ കരാര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കുകയായിരുന്നു.
അമേരിക്കന്‍ ഇന്ധനവിലയിലെ വര്‍ധനവ് രാഷ്ട്രീയ തിരിച്ചടിയാകാതിരിക്കാന്‍, യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്ന ശേഷം ഇറാനിലെ ബോംബാക്രമണം ശക്തമാക്കാനാണ് ട്രംപിന്റെ പദ്ധതിയെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ നാവിക ഉപരോധവും പുതിയ സാമ്പത്തിക ഉപരോധങ്ങളും ഇറാന്റെ സാമ്പത്തിക രംഗത്തെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. എന്നാല്‍ ഇറാന്‍ യുദ്ധവും ഹോര്‍മുസിലെ പ്രതിസന്ധിയും എട്ടാം മാസത്തിലേക്ക് കടക്കുമ്പോഴും ആഗോള എണ്ണ വിപണി പ്രതീക്ഷിച്ചതിലും കരുത്ത് കാട്ടുന്നുണ്ട്.
യു.എസ് സൈന്യത്തിന്റെ നേരിട്ടുള്ള സുരക്ഷയില്‍ കൂടുതല്‍ എണ്ണക്കപ്പലുകള്‍ പുറത്തെത്തിക്കാന്‍ സാധിക്കുന്നതാണ് വിപണിയിലെ തകര്‍ച്ച ഒഴിവാക്കിയത്. യു.എസ് ഉപരോധ രേഖ മറികടന്ന് പുറത്തുപോകുന്ന ക്രൂഡ് ഓയിലിന്റെ അളവ് പ്രതിദിനം 13 ദശലക്ഷം ബാരലായി ഉയര്‍ന്നുവെന്ന് പ്രമുഖ കപ്പല്‍ നിരീക്ഷണ ഏജന്‍സിയായ ടാങ്കര്‍ ട്രാക്കേഴ്‌സ് വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ എണ്ണക്കടത്തിന്റെ അളവ് ഇരട്ടിയായാണ് വര്‍ധിച്ചത്. ചെങ്കടല്‍ വഴിയുള്ള ബൈപാസ് പാതകള്‍ക്ക് നേരെ ഹൂതി-ഇറാഖി പോരാളികളുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് സൗദി അറേബ്യ തങ്ങളുടെ കയറ്റുമതി വീണ്ടും പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴിയാക്കിയതും ഇതിന് ആക്കം കൂട്ടി.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സഹായത്തോടെ പകല്‍ സമയത്തും കപ്പല്‍ ഗതാഗതം പുനരാരംഭിച്ചതാണ് കയറ്റുമതി കുത്തനെ ഉയര്‍ത്തിയത്. യു.എസ് സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണങ്ങള്‍ മൂലം വാണിജ്യ കപ്പലുകളെ കണ്ടെത്താനുള്ള ഇറാന്റെ ശേഷി ദുര്‍ബലമാവുകയും ജലപാതയിലെ ലാന്‍ഡ് മൈനുകള്‍ യു.എസ് നാവികസേന നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പ്രതിദിനം 13.5 ദശലക്ഷം ബാരല്‍ എണ്ണ കടലിടുക്കിലൂടെ പുറത്തേക്ക് പോകുന്നുണ്ടെന്നാണ് വിവരം. ഇത് യുദ്ധത്തിന് മുന്‍പുള്ള തോതിനേക്കാള്‍ കുറവാണെങ്കിലും കഴിഞ്ഞ ജൂലൈയിലെ സമാധാന വേളയിലെ കയറ്റുമതി നിരക്കിന് തുല്യമാണ്.
അതേസമയം മേഖലയില്‍ ആക്രമണ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തരത്തില്‍ എണ്ണ കൊണ്ടുപോകുന്നതിന് കനത്ത സാമ്പത്തിക ഭാരമാണ് കമ്പനികള്‍ നേരിടുന്നത്. കൂടുതല്‍ അപകട സാധ്യത ഏറ്റെടുക്കുന്നതിനാല്‍ ഷിപ്പിങ് കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ഉയര്‍ന്ന വേതനവും ഇന്‍ഷുറന്‍സ് തുകയിലെ വര്‍ധനവും കാരണം ബാരലിന് 30 മുതല്‍ 40 ഡോളര്‍ വരെ അധിക ചെലവ് വരുന്നുണ്ട്. ആഗോളതലത്തില്‍ എണ്ണ വില കുറയുകയോ ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ വില ഉയര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ ഈ സുരക്ഷാ ചെലവുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കും.