ന്യൂഡല്‍ഹി: ചില 737 മാക്സ് ബോയിംഗ് വിമാനങ്ങളില്‍ സോഫ്റ്റ് വെയര്‍ തകരാര്‍ കണ്ടെത്തിയതായി വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്. ലാന്‍ഡിംഗിനിടെ പ്രത്യേക സാഹചര്യങ്ങളില്‍ ഓട്ടോമേറ്റഡ് ഫ്ളൈറ്റ് ഗൈഡന്‍സ് സംവിധാനം പ്രവര്‍ത്തന രഹിതമാകാനുള്ള സാധ്യതയാണ് ബോയിംഗ് കണ്ടെത്തിയത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്ന 96 വിമാനങ്ങളെ ഇത് ബാധിച്ചേക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
തകരാറിനെക്കുറിച്ച് എല്ലാ 737 ഓപ്പറേറ്റര്‍മാര്‍ക്കും വിവരം നല്‍കിയതായും പരിഹരിക്കുന്നതിനായി സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് നടത്തുകയാണെന്നും ബോയിംഗ് വക്താവ് അറിയിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പക്കല്‍ 53 ബോയിംഗ് വിമാനങ്ങളും അകാശ എയറിന്റെ പക്കല്‍ 43 വിമാനങ്ങളുമാണുള്ളത്.
തകരാറുമായി ബന്ധപ്പെട്ട് ബോയിംഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ആകാശ അറിയിച്ചു. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) ഒരു പ്രതികരണ വും നടത്തിയിട്ടില്ല.
കോക്പിറ്റ് സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാന പാതയില്‍ മാറ്റം വരുമ്പോഴാണ് തകരാര്‍ പ്രതിഫലിക്കാന്‍ സാധ്യത. നേരത്തെ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്ന് വ്യത്യസ്തമായി ലാന്‍ഡിംഗിനായി പുതിയ പാത തിരഞ്ഞെടുക്കുന്ന സമയത്ത് ഓട്ടോമേറ്റഡ് ഫ്ളൈറ്റ് ഗൈഡന്‍സ് സിസ്റ്റം പ്രവര്‍ത്തന രഹിതമായേക്കാമെന്നാണ് ബോയിംഗ് കണ്ടെത്തിയത്.
എന്നാല്‍ തകരാര്‍ മൂലം പൈലറ്റിന് വിമാനം പറത്താന്‍ കഴിയാത്ത സാഹചര്യമില്ലെന്നും ബോയിംഗ് വ്യക്തമാക്കി. ഓപ്പറേറ്റര്‍മാര്‍ സംവിധാനം റീസെറ്റ് ചെയ്യണമെന്നും ബോയിംഗ് നിര്‍ദേശിച്ചു.