ബെയ്ജിങ്: ലോകത്തെ ഒട്ടുമിക്ക മേഖലകളിലും ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) അതിപ്രസരമാണ്. ചിലര്‍ക്ക് എഐയുടെ കടന്നുവരവ് തൊഴില്‍ നഷ്ടപ്പെടുത്തിയപ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് പുതിയ വരുമാനത്തിനുള്ള വഴി തുറന്നു.
ഇത്തരത്തില്‍ എഐ ഉപയോഗിച്ച് ഉയര്‍ന്ന വരുമാനം ഉണ്ടാക്കുകയാണ് ചൈനയിലെ ചില വിരുതര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നിര്‍മ്മിക്കുന്ന പരസ്യങ്ങള്‍ക്കും നാടകങ്ങള്‍ക്കും തങ്ങളുടെ മുഖം വാടകയ്ക്ക് നല്‍കുകയാണ് ഇവര്‍.
എഐ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചെറിയ ദൈര്‍ഘ്യമുള്ള 'മൈക്രോ ഡ്രാമ'കളുടെ അതിവേഗം വളരുന്ന ചൈനീസ് വ്യവസായമാണ് ഈ പുതിയ വിപണിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ഇതില്‍ അഭിനേതാക്കള്‍ക്കും മോഡലുകള്‍ക്കും തങ്ങളുടെ മുഖം എഐ ഷോകള്‍ക്കും പരസ്യങ്ങള്‍ക്കും ഗെയിമുകള്‍ക്കുമായി വാടകയ്ക്ക് നല്‍കിയാണ് ഇക്കൂട്ടര്‍ വരുമാനം ഉണ്ടാക്കുന്നത്. 2026 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ പുറത്തിറങ്ങിയ 1,28,000 മൈക്രോ ഡ്രാമകളില്‍ 95 ശതമാനത്തിന്റെ നിര്‍മ്മാണവും എഐ ഉപയോഗിച്ചാണെന്നാണ് റിപ്പോര്‍ട്ട്.
എഐ നിര്‍മ്മിത ഉള്ളടക്കത്തിനായി തങ്ങളുടെ മുഖം ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്നവര്‍ക്ക് 1433 രൂപ മുതല്‍ 66,916 രൂപ വരെ ചില പ്ലാറ്റ്ഫോമുകള് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 'ഫെയ്സ് റെന്റല്‍' വിപണി കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉള്ളടക്കത്തിന്റെ ഗുണനിലവാരം, വ്യക്തികളുടെ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള മേല്‍നോട്ടം ചൈനീസ് അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്.
മുഖങ്ങള്‍ വാടകയ്ക്ക് നല്കാന് താല്പര്യമുള്ളവരെ ബന്ധിപ്പിക്കുന്നതിനായി ആകട് ഐഡി, ഷെന്‍ഷന്‍ എന്നീ പ്ലാറ്റ്ഫോമുകള് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചൈനയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മുഖം വാടകയ്ക്ക് നല്കാന് താല്പര്യമുള്ളവര്ക്ക് ഈ പ്ലാറ്റ്ഫോം വഴി ലൈസന്‍സ് സ്വന്തമാക്കാം.
ഈ പ്രക്രിയയില്‍ ആളുകള്‍ക്ക് നിശ്ചിത സ്റ്റുഡിയോകളില്‍ ചെന്ന് ഫോട്ടോകള്‍ എടുപ്പിക്കാം. തുടര്‍ന്ന് പ്രായം, ലിംഗഭേദം, രൂപഭാവം തുടങ്ങിയ ഘടകങ്ങളും തങ്ങള്‍ ആഗ്രഹിക്കുന്ന നിര്‍മ്മാണത്തിന്റെ സ്വഭാവവും പരിഗണിച്ച് നിര്‍മ്മാതാക്കള്‍ക്ക് അനുയോജ്യരായവരെ തിരഞ്ഞെടുക്കാവുന്നതാണ്.
ലൈസന്‍സുള്ള ഈ മുഖങ്ങള്‍ ഹ്രസ്വ നാടകങ്ങള്‍, പരസ്യങ്ങള്‍, വീഡിയോ ഗെയിമുകള്‍ എന്നിവയുള്‍പ്പെടെ എന്തിലും ഉപയോഗിക്കാവുന്നതാണ്. തങ്ങളുടെ മുഖം ഏതുതരം ഉള്ളടക്കത്തിലാണ് ഉപയോഗിക്കേണ്ടതെന്ന് ഉടമകള്‍ക്ക് തീരുമാനിക്കാം. എഐ വീഡിയോ നിര്‍മ്മിക്കുന്നവര്‍ക്ക് വേണ്ടത് ആകര്‍ഷകമായ മുഖങ്ങളാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ പ്രായമായവരുടെ മുഖങ്ങളും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ മുഖങ്ങളാണ് ഇവിടെ ഏറ്റവും പ്രധാനം.
തങ്ങളുടെ സമ്മതമില്ലാതെ മുഖം ഉപയോഗിക്കപ്പെടുമെന്ന ആശങ്കയ്ക്ക് പകരം ഈ സാങ്കേതിക വിദ്യ ഒരു വരുമാന മാര്‍ഗമായാണ് പലരും കാണുന്നത്. അഭിനയം എന്ന കഴിവ് ഇവിടെ ആവശ്യമില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. 'ആക്ട് ഐഡി' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, അവരുടെ പ്ലാറ്റ്ഫോമില്‍ 800 ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തെന്നും അവരില്‍ 300 പേര് ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ടെന്നും പറയുന്നു.