ഡല്‍ഹിയിലെ പെണ്‍ സുരക്ഷയില്‍ ആശങ്ക: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; അഡ്വ. ലിസ് മാത്യു അമിക്കസ് ക്യൂറി

ഡല്‍ഹിയിലെ പെണ്‍ സുരക്ഷയില്‍ ആശങ്ക: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; അഡ്വ. ലിസ് മാത്യു അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. 2012 ലെ നിര്‍ഭയ സംഭവത്തിന് ശേഷവും നിയമപാലനത്തിലും പൊതുജനസുരക്ഷയിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയും നടപടികള്‍ക്ക് കോടതിയെ സഹായിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷക ലിസ് മാത്യുവിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.

ഒരു മാസത്തിനിടെ പതിമ്മൂന്നോളം ലൈംഗികാതിക്രമ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഭൂരിഭാഗത്തിലും ഇരകളായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഓഗസ്റ്റ് 21 ന് ഗ്രേറ്റര്‍ നോയിഡ യാത്രയ്ക്കിടെ 16 കാരി കൂട്ടബലാത്സംഗത്തിനിരയായതും, സെപ്റ്റംബറില്‍ സ്വരൂപ് നഗറില്‍ 16 കാരി ദാരുണമായി കൊല്ലപ്പെട്ടതും, കല്‍ക്കാജിയില്‍ 17 കാരിയെ വ്യാജ പൊലീസുകാര്‍ ഉപദ്രവിച്ചതുമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ക്രമസമാധാന നിലയുടെ തകര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് കോടതി നിരീക്ഷിച്ചു.

പൊതുജനസുരക്ഷ ഉറപ്പാക്കുന്നതില്‍ ഭരണ സംവിധാനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ കോടതി, അടിയന്തര നടപടികള്‍ക്ക് നിര്‍ദേശ നല്‍കി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓരോ പൊലീസ് ജില്ലയിലും നാലാഴ്ചയ്ക്കകം പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപവല്‍കരിച്ച് പ്രശ്‌നബാധിത മേഖലകള്‍ തിരിച്ചറിയണം. പാര്‍ക്കുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വൈകുന്നേരങ്ങളിലും പുലര്‍ച്ചെയും മുഴുവന്‍ സമയ പട്രോളിങ് ഉറപ്പാക്കുകയും തെരുവ് വിളക്കുകളും സി.സി.ടി.വി ക്യാമറകളും പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പ് വരുത്തുകയും വേണം.

സംഭവത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിനോടും, ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലൈംഗികാതിക്രമ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഡല്‍ഹിയിലെ ക്രമസമാധാനച്ചുമതലയുള്ള കേന്ദ്ര സര്‍ക്കാരിനും പൊലീസിനുമെതിരെ ശക്തമായ പ്രതിപക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പരമോന്നത കോടതിയുടെ ഈ നിര്‍ണായക ഇടപെടല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.