ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റവും അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളും വിശകലനം ചെയ്യുന്ന കേന്ദ്ര ഉന്നതതല സമിതി സംസ്ഥാന സര്‍ക്കാരുകളോട് മതാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടു.
സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നാവ്ലേക്കറുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മെയ് 26 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സമിതി രൂപീകരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തെ മതാടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് സമിതി സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, മുസ്ലിം, പാര്‍സി, ബുദ്ധ മതവിഭാഗങ്ങളുടെ വിവരങ്ങളാണ് സമിതി ചോദിച്ചത്. ജനന രജിസ്ട്രേഷന്, വാഹന രജിസ്ട്രേഷന്, സ്കൂള്‍ പ്രവേശനം, സ്വത്ത് ഇടപാടുകള്‍, വോട്ടര്‍ ഐ.ഡി, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയിലെ പെട്ടെന്നുള്ള വര്‍ധനവ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ഭരണഘടനയുടെ മതേതര തത്വങ്ങള്‍ മുന്‍നിര്‍ത്തി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ മതാടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാത്തതിനാല്‍ ഈ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്കാന് സാധിച്ചിട്ടില്ല.
ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന മതവും തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും ഒഴികെ മറ്റൊന്നിന്റെയും മതാടിസ്ഥാനത്തിലുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പട്ടിക വര്‍ഗ മേഖലകളിലെ മതപരിവര്‍ത്തനം, റേഷന്‍ കാര്‍ഡുകളുടെ വിതരണം, മദ്രസകള്‍ ഉള്‍പ്പെടെയുള്ള മതപഠന കേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും ജി.ഐ.എസ് മാപ്പിങ്, തടങ്കല്‍ പാളയങ്ങളുടെ വിവരങ്ങള്‍ എന്നിവയും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാര്‍ വോട്ടര്‍ പട്ടികയിലെ എസ്ഐആര്‍ നടപടികളില്‍ പുറത്താക്കപ്പെട്ട സംശയാസ്പദരായ വിദേശ പൗരന്മാരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇതുവരെ സമിതിക്ക് കൈമാറിയിട്ടില്ല.