'ഇന്ത്യയിലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കടുത്ത സമ്മര്‍ദത്തിലും ഭീഷണിയിലും': റിപ്പോര്‍ട്ട് പുറത്തുവിട്ട് 'സെനിറ്റ്'

'ഇന്ത്യയിലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കടുത്ത സമ്മര്‍ദത്തിലും ഭീഷണിയിലും':  റിപ്പോര്‍ട്ട് പുറത്തുവിട്ട് 'സെനിറ്റ്'

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ ക്രൈസ്തവ മത വിഭാഗങ്ങള്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള സമ്മര്‍ദവും ഭീഷണികളും വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.

ഗ്രാമീണ മേഖലകളിലെ പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്ക് നേരെ നടന്നിരുന്ന ആക്രമണങ്ങളും തടസപ്പെടുത്തലുകളും ഇപ്പോള്‍ നഗരങ്ങളിലുള്ള കോളജുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് അന്താരാഷ്ട്ര കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ 'സെനിറ്റ്' പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങള്‍ നടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെയും വൃത്തങ്ങളെയും ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും ചരിത്രപ്രസിദ്ധവുമായ പശ്ചിമ ബംഗാളിലെ ശ്രീരാംപൂര്‍ കോളജിന് നേരെ യൂട്യൂബ് ചാനലുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കോളജ് മതപരിവര്‍ത്തന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.

കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ ഉദ്യോഗസ്ഥരും തീവ്ര സംഘടനകളും നടത്തുന്ന അനാവശ്യ പരിശോധനകളും ചോദ്യം ചെയ്യലുകളും സ്ഥാപനങ്ങളുടെ ഭരണ സമിതികള്‍ക്കും അധ്യാപകര്‍ക്കും കടുത്ത മാനസിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിടാന്‍ പ്രധാന ആയുധമായി തീവ്ര ഹിന്ദുത്വ വാദികള്‍ ഉ്രപയോഗിക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണങ്ങളാണ്. കേവലം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, വൈദിക പഠനവും ദൈവശാസ്ത്ര പഠനവും നല്‍കുന്ന കോളജുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുകയാണ്.

1827 ല്‍ ഡെന്‍മാര്‍ക്കിലെ ഫ്രെഡറിക് ആറാമന്‍ രാജാവിന്റെ റോയല്‍ ചാര്‍ട്ടര്‍ പ്രകാരം സ്ഥാപിതമായ ശ്രീരാംപൂര്‍ കോളജ് ഉള്‍പ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ പോലും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കാരണം ഭീഷണിയിലാണെന്നത് രാജ്യത്തെ മത സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും വലിയ തിരിച്ചടിയാണെന്ന് കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് നേതൃത്വങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.