ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെരുംനുണയനെന്നും ഇറാന്റെ ആണവപദ്ധതിയല്ല, മറിച്ച് രാജ്യത്തിന്റെ വളര്‍ച്ചയും സ്വാധീനവുമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്. ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നില്ലെന്ന കാര്യം ശത്രുക്കള്‍ക്ക് വ്യക്തമായി അറിയാമെന്നും രാജ്യത്തിന്റെ ശക്തി തകര്‍ക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും ഐ.ആര്‍.ജി.സി വക്താവ് ഹുസൈന്‍ മൊഹിബ്ബി വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് ഒരിക്കലും ആണവായുധം നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യം ഉറപ്പാക്കുകയാണ് സൈനിക നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് ട്രംപ് നേരത്തേ പ്രസ്താവിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ സ്വാധീനം കുറഞ്ഞെന്ന യു.എസ് വാദത്തെയും ഐ.ആര്‍.ജി.സി ചോദ്യം ചെയ്തു. വന്‍ ചെലവും അപകട സാധ്യതകളും സഹിച്ച് രാത്രിയുടെ മറവില്‍ ചെറിയ കപ്പലുകളില്‍ കുറഞ്ഞ അളവില്‍ എണ്ണ കയറ്റുമതി ചെയ്തതുകൊണ്ട് മാത്രം കടലിടുക്ക്തുറന്നെന്ന് അവകാശപ്പെടാനാവില്ലെന്ന് മൊഹിബ്ബി പറഞ്ഞു.
നിലവില്‍ കെപ്ലര്‍ ഡേറ്റ അനലിറ്റിക്‌സ് നല്‍കുന്ന കണക്കുകള്‍ പ്രകാരം ഹോര്‍മുസ് വഴി പ്രതിദിനം ഏകദേശം ഒരുകോടി ബാരല്‍ എണ്ണ കയറ്റുമതി നടക്കുന്നുണ്ടെങ്കിലും, ഇത് യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്റെ പകുതി മാത്രമാണ്. കൂടാതെ മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് സ്വയം സുരക്ഷ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ഇത് പ്രാദേശിക സര്‍ക്കാരുകളും ജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.