അധിക സുരക്ഷ വേണ്ട: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

അധിക സുരക്ഷ വേണ്ട: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇന്ന് രാവിലെ കവടിയാറില്‍ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നില്‍ അധികമായി ഒരു പൊലീസ് ജീപ്പ് കൂടി ഉണ്ടായിരുന്നതാണ് കാരണം.

കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ മുഖ്യമന്ത്രി ഡിസിപിയോട് രോഷാകുലനായി സംസാരിക്കുകയായിരുന്നു. തന്റെ ഔദ്യോഗിക യാത്രയ്ക്കായി അധിക വാഹനങ്ങള്‍ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തനിക്ക് അധിക സുരക്ഷ വേണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ യാത്രാ സുരക്ഷയുടെ കാര്യത്തില്‍ തന്റെ നിലപാട് വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹന വ്യൂഹവും അമിത സുരക്ഷാ ക്രമീകരണങ്ങളും ആവശ്യമില്ലെന്നും പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നുമായിരുന്നു നിര്‍ദേശം.

യാത്രയ്ക്കിടെ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് സതീശന്‍ നിര്‍ദേശിച്ചിരുന്നു. എസ്‌കോര്‍ട്ട് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് ഒഴിവാക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.