മാഡ്രിഡ്: ലിയെ പതിനാലാമന്‍ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി റോമിലേക്കുള്ള യാത്രമധ്യേ ഹോണ്ടുറാസിലെ ബിഷപ്പ് കാലം ചെയ്തു. ചോലുടെക്ക രൂപതാ ബിഷപ്പായ മോണ്‍. തിയോഡോറോ ഗോമസ് റിവേരയാണ് സ്‌പെയിനിലെ മാഡ്രിഡ് വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ വത്തിക്കാനിലേക്ക് മെത്രാന്മാര്‍ നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനമായ 'അദ് ലിമിന'യുടെ ഭാഗമായി റോമിലേക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം.
ഹോണ്ടുറാന്‍ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റ്, കാരിത്താസ് ഹോണ്ടുറാസിന്റെ പ്രസിഡന്റ്, ഡാന്‍ലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
സ്‌പെയിനിലെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നുവെന്ന് ഹോണ്ടുറാന്‍ മെത്രാന്‍ സമിതിയുടെ മാധ്യമ വിഭാഗമായ 'സുയാപ മീഡിയോസ്' അറിയിച്ചു.
2020 നവംബര്‍ 14 ന് ഫ്രാന്‍സിസ് പാപ്പയാണ് അദ്ദേഹത്തെ ടെഗുസിഗാല്‍പ അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 2023 ജനുവരി 26 ന് ചോലുടെക രൂപതയുടെ മെത്രാനായും അദ്ദേഹത്തെ നിയമിച്ചു.
കനേഡിയന്‍ മിഷണറി മെത്രാന്മാര്‍ ചോലുടെകയുടെ സഭാപരമായ ഭരണച്ചുമതല വഹിച്ചിരുന്ന ഏകദേശം ആറ് പതിറ്റാണ്ടുകള്‍ നീണ്ട കാലഘട്ടത്തിന് അന്ത്യം കുറിച്ച നിയമനം എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചിരുന്നു.