എപ്പോഴും പ്രാര്‍ത്ഥന, സ്ത്രീകളുമായി ഹസ്തദാനം പോലും ചെയ്യില്ല; അക്രമിയായ സഹപൈലറ്റ് മതതീവ്രവാദിയെന്ന് സഹപ്രവര്‍ത്തകര്‍

എപ്പോഴും പ്രാര്‍ത്ഥന, സ്ത്രീകളുമായി ഹസ്തദാനം പോലും ചെയ്യില്ല; അക്രമിയായ സഹപൈലറ്റ് മതതീവ്രവാദിയെന്ന് സഹപ്രവര്‍ത്തകര്‍

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് സൗദി അറേബ്യയില്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഭീകരാക്രമണ ശ്രമമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇസ്രയേല്‍ അധികൃതര്‍ അന്വേഷിച്ചു വരികയാണ്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, ഫ്‌ളൈ ദുബായിയിലെ സഹപൈലറ്റായി ജോലി ചെയ്തിരുന്ന ഒമാന്‍ സ്വദേശിയെക്കുറിച്ച് സഹപ്രവര്‍ത്തകനായ മറ്റൊരു പൈലറ്റ് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഇയാള്‍ ദിവസം മുഴുവന്‍ പ്രാര്‍ത്ഥിക്കുക പതിവാണെന്നും സ്ത്രീകളുമായി ഹസ്തദാനം ചെയ്യാന്‍ പോലും വിസമ്മതിച്ചിരുന്നെന്നുമാണ് സഹപ്രവര്‍ത്തകന്റെ പ്രതികരണം. എട്ട് മാസം മുന്‍പാണ് ഇയാള്‍ ഫ്‌ളൈ ദുബായില്‍ ജോലിയില്‍ പ്രവേശിച്ചത്. സഹപ്രവര്‍ത്തകന്‍ ഇയാളെ 'മതതീവ്രവാദി' എന്ന് വിശേഷിപ്പിച്ചതായാണ് ഇസ്രയേല്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ ഇയാളുടെ മതപരമായ വിശ്വാസങ്ങള്‍ ആണ് ആക്രമണത്തിന് പിന്നിലെ കാരണങ്ങളെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും നിലവില്‍ പുറത്തു വന്നിട്ടില്ല. സംഭവം ഭീകരാക്രമണ ശ്രമമായിരുന്നോ എന്ന സാധ്യതയും ഇസ്രയേല്‍ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച കത്തി എവിടെ നിന്നെത്തിയെന്നതും എങ്ങനെ കോക്പിറ്റിലെത്തിയെന്നതും ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ക്കും ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

ഒമാനും ഇസ്രയേലും തമ്മില്‍ നയതന്ത്രബന്ധമില്ലാത്ത സാഹചര്യത്തില്‍ ഒമാന്‍ സ്വദേശിയായ സഹപൈലറ്റിന് ഇസ്രയേലിലേക്കുള്ള വിമാനത്തില്‍ ജോലി ചെയ്യാന്‍ എങ്ങനെയാണ് അനുമതി ലഭിച്ചതെന്നതും സുരക്ഷാ അധികൃതര്‍ പരിശോധിക്കുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.