തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന്റെ ആസ്ഥാന മന്ദിരമായ തിരുവനന്തപുരത്തെ ഇന്ദിരാ ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നടപടിയില്‍ എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് അതൃപ്തി.
എങ്കിലും അടൂര്‍ പ്രകാശ് നടത്തിയ വിമര്‍ശനങ്ങള്‍ പരിശോധിക്കാനാണ് എഐസിസി തീരുമാനം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിയറിയിച്ചുകൊണ്ട് നേരത്തേയും പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിലവിലെ പരാതികളെക്കുറിച്ച് അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും. പാര്‍ട്ടിക്കും സര്‍ക്കാരിനും ഇടയില്‍ ഏകോപനമില്ലെന്നുള്ള കാര്യം ദീപ മുന്നേതന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം താന്‍ നടത്തിയ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ആണെന്നും മറ്റാരോടും പിന്തുണ തേടിയിട്ടില്ലെന്നുമാണ് അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും ലീഗിന് ഭരണപരിഷ്‌കരണ കമ്മിഷന്‍ സ്ഥാനം നല്‍കിയതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തോട് ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളിലെ തീരുമാനം വൈകുന്നതില്‍ പി.ജെ ജോസഫിനും എതിര്‍പ്പുണ്ട്. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനെയും സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയെയും നിശ്ചയിച്ചതുള്‍പ്പെടെയുള്ള പല തീരുമാനങ്ങളും മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞിരുന്നു.
തന്നെ യുഡിഎഫ് കണ്‍വീനറായി നിയോഗിച്ചത് എഐസിസി നേതൃത്വമാണെന്നും അതൃപ്തി രേഖാമൂലം അവിടെ ഇന്ന് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം അടൂര്‍ പ്രകാശ് കത്ത് നല്‍കിയാല്‍ ബദല്‍ കത്ത് നല്‍കാനാണ് വി.ഡി സതീശനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ ആലോചന.