ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട; 301 കോടിയുടെ ലഹരി വസ്തുക്കളുമായി 14 ഏഷ്യക്കാര്‍ പിടിയില്‍

ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട; 301 കോടിയുടെ ലഹരി വസ്തുക്കളുമായി 14 ഏഷ്യക്കാര്‍ പിടിയില്‍

ദുബായ്: യു.എ.ഇയില്‍ വിതരണം ചെയ്യാനായി എത്തിച്ച 300 കോടിയിലധികം രൂപയുടെ മയക്കുമരുന്നുമായി 14 അംഗ അന്താരാഷ്ട്ര സംഘത്തെ ദുബായ് പൊലീസ് പിടികൂടി. വിപണിയില്‍ വന്‍ വിലയുള്ള ലഹരി ഗുളികകളുടെ ശേഖരമാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തത്. പിടിയിലായ പ്രതികളെല്ലാം ഏഷ്യന്‍ വംശജരാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ നീക്കം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതികളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് പൊലീസ് സംഘം നിര്‍ണായക അറസ്റ്റിലേക്ക് കടന്നത്. ഇവരുടെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് 113 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 2068 കിലോ മയക്കുമരുന്ന് ഗുളികകള്‍ പൊലീസ് കണ്ടെടുത്തു.

അന്താരാഷ്ട്ര വിപണിയില്‍ 11.5 കോടി ദിര്‍ഹം വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഇതിന് 301 കോടിയിലധികം രൂപ മൂല്യം വരും. പിടിയിലായ 14 പേര്‍ക്കെതിരെയും നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ദുബായ് പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.