വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്ന് യു.എസ് വ്യാപാരപ്രതിനിധി ജാമിസണ് ഗ്രീര്‍. കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെങ്കിലും, ചില നിര്‍ണായക വിഷയങ്ങളില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്ന് അദേഹം അറിയിച്ചു. മില്‍വോക്കിയില്‍ നടന്ന ജി-20 വ്യാപാരമന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഗ്രീര്‍ നിലപാട് വ്യക്തമാക്കിയത്.
കരാറിലെ പുരോഗതിയും തടസങ്ങളും വിലയിരുത്തുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ജാമിസണ് ഗ്രീര്‍ വിശദമായ കൂടിക്കാഴ്ച നടത്തി. ഇതിനുപുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ സംസാരിക്കുകയും ചെയ്തു. ബാക്കിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു നേതാക്കളും ഉടന്‍ തന്നെ വീണ്ടും ആശയവിനിമയം നടത്തുമെന്നാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരിയില്‍ കരാറിന്റെ ആദ്യ ഘട്ടത്തിനുള്ള ചട്ടക്കൂട് ഇരുരാജ്യങ്ങളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും, യു.എസിന്റെ തീരുവ നയങ്ങളില്‍ വന്ന പുതിയ മാറ്റങ്ങളാണ് ചര്‍ച്ചകള്‍ നീളാന്‍ പ്രധാന കാരണമായത്.