ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം: മലേഷ്യന്‍ എഞ്ചിനീയറുടെ ആത്മഹത്യയില്‍ നിര്‍ണായക നീക്കവുമായി കേരള സര്‍ക്കാര്‍

ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം: മലേഷ്യന്‍ എഞ്ചിനീയറുടെ ആത്മഹത്യയില്‍ നിര്‍ണായക നീക്കവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ 2006 ല്‍ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ അദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന ആരംഭിച്ചു. അങ്കമാലി-തിരുവനന്തപുരം എം.സി റോഡ് വികസന കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ എന്‍ജിനിയര്‍ ലീ സീ ബീന്‍ ക്വാലാലംപുരില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗ്യാനേഷ് കുമാറിന്റെ അവിഹിത ഇടപെടലുകളുണ്ടെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.

കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ ഫയലുകള്‍ വിജിലന്‍സ് വിശദമായി പരിശോധിച്ചു വരികയാണ്.

റോഡ് നിര്‍മാണം വൈകിയെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും കമ്പനിയുടെ ബില്ലുകള്‍ തടഞ്ഞുവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ലീ സീ ബീന്‍ ആത്മഹത്യ ചെയ്തത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയാണ് പദ്ധതി വൈകാന്‍ കാരണമെന്ന് ലീ സീ ബീന്‍ ആരോപിച്ചിരുന്നു. ലീ സീ ബീന്‍ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഗ്യാനേഷ് കുമാറിന്റെ ഇടപെടലുകളെക്കുറിച്ച് പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ടെന്ന് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസകും വെളിപ്പെടുത്തിയിരുന്നു. മുന്‍പ് സംഭവത്തില്‍ സ്ഥലംമാറ്റം മാത്രമാണ് ശിക്ഷാനടപടിയായി ഉണ്ടായിരുന്നതെന്നും, തുടര്‍ന്ന് ഗ്യാനേഷ് കുമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോവുകയായിരുന്നുവെന്നും ഫയലുകളില്‍ നിന്ന് വ്യക്തമാകുന്നു.

എസ്.ഐ.ആര്‍ വഴി കോടിക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാതലത്തില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഈ വിജിലന്‍സ് നീക്കം. ഭരണഘടനാ പദവിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് നടന്ന നടപടിയായതിനാലും അഴിമതിക്കൊപ്പം ഒരു മരണത്തിന്റെ വിഷയം കൂടിയുള്ളതിനാലും ഈ കേസ് അന്വേഷിക്കുന്നതിന് നിയമതടസമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

മുന്‍കാല സംഭവങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും അന്വേഷണം നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്ന നിലയിലുള്ള സംരക്ഷണം ഈ മുന്‍ കേസിന് ലഭിക്കില്ലെന്നും നിയമവിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.