എഐ യുഗത്തില്‍ മനുഷ്യന്റെ സര്‍ഗാത്മകത കാത്തുസൂക്ഷിക്കാന്‍ സഭയും കലാകാരന്മാരും കൈകോര്‍ക്കണം: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

എഐ യുഗത്തില്‍ മനുഷ്യന്റെ സര്‍ഗാത്മകത കാത്തുസൂക്ഷിക്കാന്‍ സഭയും കലാകാരന്മാരും കൈകോര്‍ക്കണം: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ അതിവേഗം വളരുന്ന ആധുനിക യുഗത്തില്‍ മനുഷ്യന്റെ സര്‍ഗാത്മകതയും യഥാര്‍ത്ഥ കലാസൃഷ്ടികളും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. എഐയുടെ കടന്നുകയറ്റത്തില്‍ നിന്ന് മാനവികതയുടെയും കലാസൃഷ്ടികളുടെയും തനിമ കാത്തുസൂക്ഷിക്കാന്‍ കത്തോലിക്കാ സഭയും ലോകമെമ്പാടുമുള്ള കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഒരുമിച്ച് അണിനിരക്കണമെന്ന് വത്തിക്കാനില്‍ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കവെ മാര്‍പാപ്പ ആഹ്വാനം ചെയ്തു.

മുന്‍കാല വിവര ശേഖരങ്ങളെയും സങ്കീര്‍ണമായ കണക്കുകൂട്ടലുകളെയും ആസ്പദമാക്കി യാന്ത്രികമായി നിര്‍മിക്കപ്പെടുന്ന എഐ ഉള്ളടക്കങ്ങളും, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നും പിറവിയെടുക്കുന്ന സര്‍ഗസൃഷ്ടികളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അല്‍ഗോരിതങ്ങള്‍ക്ക് മനുഷ്യ മനസിന്റെ വൈകാരികമായ സര്‍ഗശേഷിയോ, ആത്മീയമായ ചിന്തകളോ പകര്‍ന്ന് നല്‍കാന്‍ സാധിക്കില്ല. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം സംസ്‌കാരങ്ങളുടെ വൈവിധ്യത്തെ ഇല്ലാതാക്കാന്‍ ഇടയാക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

ഡിജിറ്റല്‍ യുഗത്തിലും മനുഷ്യത്വത്തിന്റെ നന്മകളെയും തനിമയെയും വരുംതലമുറയ്ക്കായി കാത്ത് സൂക്ഷിക്കാന്‍ സഭയും കലാകാരന്മാരും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.