ടെല്‍ അവീവ്: ഫ്‌ളൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിനെ ചെറുത്ത് തോല്‍പ്പിച്ച ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആദരിക്കാന്‍ ഇസ്രയേല്‍. 'ലോകത്തിന്റെ മുഴുവന്‍ ഹീറോ' എന്ന് വിശേഷിപ്പിച്ച നെതന്യാഹു അടുത്ത വര്‍ഷം നടക്കുന്ന ഇസ്രയേല്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്മിത് മച്ചാറിനെ ക്ഷണിച്ചു.
സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച നെതന്യാഹു സ്വാതന്ത്ര്യദിന ചടങ്ങില്‍ സ്മിത് ദീപം തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തില്‍ നല്‍കുന്ന ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണ് ദീപം തെളിയിക്കല്‍. ഈ അവസരം സാധാരണ ഇസ്രയേല്‍ പൗരന്മാര്‍ക്ക് മാത്രമുള്ളതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എല്ലാ ഇസ്രയേലികളും നിങ്ങളെ സ്വീകരിക്കുമെന്ന് താന്‍ കരുതുന്നതായും നെതന്യാഹു സ്മിത് മിച്ചാറിനോട് പറഞ്ഞു.
കഠിനമായ സാഹചര്യത്തിലും സ്മിത് കാണിച്ച ധൈര്യവും മനസാന്നിധ്യവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി ജീവനുകളെയാണ് നിങ്ങള്‍ രക്ഷിച്ചത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹു സ്മിത് മച്ചാറിനോട് പറഞ്ഞു.
സെപ്തംബര്‍ 30 ന് ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേയ്ക്ക് പുറപ്പെട്ട ഫ്‌ളൈ ദുബായ് എഫ്‌സെഡ് 1073 വിമാനത്തിലായിരുന്നു സംഭവം. യാത്രാ മധ്യേ വിമാനത്തിലെ സഹ പൈലറ്റ്, ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ചാര്‍ അവശനായെങ്കിലും അവസാന ശക്തിയും ഉപയോഗിച്ച് കോക്പിറ്റിന്റെ വാതില്‍ തുറക്കുകയായിരുന്നു. ഇതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും കോക്പിറ്റില്‍ കയറി അക്രമണം നടത്തിയ സഹ പൈലറ്റിനെ കീഴ്‌പ്പെടുത്തുകയും തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയുമായിരുന്നു. പിന്നീട് വിമാനം സൗദി അറേബ്യയിലെ തബൂക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.