റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌നിലെ ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ പ്ലാന്റ് തകര്‍ന്നു; ഒരു മരണം

റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌നിലെ  ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ പ്ലാന്റ്  തകര്‍ന്നു; ഒരു മരണം

ന്യൂഡല്‍ഹി: ഉക്രെയ്‌നിലെ ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയുടെ പ്ലാന്റ് റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. സുമിയിലുള്ള 'കുസും' ഫാര്‍മ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരണ സംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ പ്ലാന്റിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. 400 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാര്‍മ 2009 മുതല്‍ ഉക്രെയ്‌നിലെ സുമിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. അമ്പതിലധികം ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനി ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ആക്രമണത്തെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അപലപിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

'രാവിലെ റഷ്യ വീണ്ടും കീവിലെ പിവ്‌നിച്‌നി പാലത്തിനുനേരെ ഡ്രോണ്‍ ആക്രമണം നടത്തി. സുമിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വെയര്‍ഹൗസിന് നേരെയും അവര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ഒരാള്‍ കൊല്ലപ്പെട്ടു.

മരിച്ചയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഡിനിപ്രോയില്‍ അവര്‍ ഒരു കമ്യൂണിക്കേഷന്‍ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തി. ഇതില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. രാത്രിയില്‍ ഉക്രെയ്‌ന് നേരെ 135 ആക്രമണ ഡ്രോണുകള്‍ വിക്ഷേപിച്ചു'- എക്‌സ് കുറിപ്പില്‍ സെലന്‍സ്‌കി പറഞ്ഞു.

മിക്കവാറും ദിവസങ്ങളില്‍ വേഗമേറിയ ആയിരക്കണക്കിന് ജെറ്റ് അധിഷ്ഠിത ഷഹെദ് ഡ്രോണുകള്‍ ഉക്രെയ്‌നിലേക്ക് റഷ്യ വിക്ഷേപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വേഗം കുറഞ്ഞ ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകള്‍ ആയതിനാല്‍ ഉക്രെയ്‌ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അവയെ പിടികൂടാന്‍ പ്രയാസമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.