ജന്തര്‍ മന്ദിര്‍ പ്രതിഷേധത്തിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം: തലസ്ഥാനത്ത് വന്‍ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

ജന്തര്‍ മന്ദിര്‍ പ്രതിഷേധത്തിനിടെ  വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം: തലസ്ഥാനത്ത് വന്‍ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമം നടത്തിയതായി വനിത മാധ്യമ പ്രവര്‍ത്തകരുടെ പരാതി.

വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം നടന്നു. ഇതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.

ജന്തര്‍ മന്ദിറിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. എന്നാല്‍, കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് കാട്ടിയാണ് ഐസ, എ.ഐ.എസ്.എഫ്, എന്‍.എസ്.യു.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടന്നത്.

അസിസ്റ്റന്റ് കമ്മിഷണറായ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് ഒരു മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പോലീസ് നടപടി ചിത്രീകരിക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥന്‍ അനുചിതമായി സ്പര്‍ശിക്കുകയും തള്ളിയിടുകയും ചെയ്തതായി അവര്‍ ആരോപിച്ചു. തുടര്‍ന്ന് പരാതി നല്‍കുന്നതിനായി പോലീസ് സ്റ്റേഷനില്‍ പോയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും മാധ്യമ പ്രവര്‍ത്തക ആരോപിച്ചു.

'പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നുണ്ടായിരുന്നു, സ്ഥലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തെക്കുറിച്ച് ഞാന്‍ എസിപിയോട് ചോദിച്ചു. അദ്ദേഹം എന്നെ ലൈംഗികമായി ഉപദ്രവിക്കുകയും പിന്നിലേക്ക് തള്ളുകയും ചെയ്തു' - മാധ്യമ പ്രവര്‍ത്തക പിടിഐയോട് പറഞ്ഞു.

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള പോലീസിന്റെ പെരുമാറ്റത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടുക്കം രേഖപ്പെടുത്തി. പരാതിയില്‍ ഉടന്‍ നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.