കോർക്ക്: അയർലൻഡിലെ കോർക്ക് സിറോ-മലബാർ കത്തോലിക്കാ സഭാ സമൂഹത്തിന്റെ പുതിയ ചാപ്ലയനായി റവ. ഫാ. മാത്യു വാരുവേലിനെ കോർക്ക് ആൻഡ് റോസ്സ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ഫിന്റൻ ഗാവിൻ നിയമിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി മാൾട്ടാ സിറോ-മലബാർ ചർച്ച് കമ്മ്യൂണിറ്റിയിൽ സേവനം ചെയ്തു വരികയായിരുന്നു ഫാ. മാത്യു വാരുവേലിൽ.
കോർക്കിലെ തന്റെ പുതിയ ശുശ്രൂഷയുടെ ഭാഗമായി സെപ്റ്റംബർ 27-ന് കോർക്ക് ഗ്ലെന്നിലുള്ള സെന്റ് ബ്രെൻഡൻസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ കൈക്കാരൻ ജോബിൻ ജോസ് അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് വിശ്വാസീ സമൂഹത്തോടൊപ്പം വിശുദ്ധ കുർബാന അർപ്പിച്ച് അദ്ദേഹം ഔദ്യോഗികമായി പുതിയ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു.
അയർലൻഡിലെ ഏറ്റവും വലിയ മാസ് സെന്ററുകളിൽ ഒന്നായ കോർക്കിലെ സിറോ-മലബാർ വിശ്വാസീ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കും കൂട്ടായ്മയുടെ ശക്തിപ്പെടുത്തലിനും പുതിയ ചാപ്ലയന്റെ സേവനം വലിയ അനുഗ്രഹമാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പാതയിൽ സമൂഹത്തെ നയിക്കാൻ ഫാ. മാത്യു വാരുവേലിലച്ചന് എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു. കോർക്കിലെ സീറോ-മലബാർ സമൂഹത്തിന്റെ പേരിൽ അച്ചന് ഹൃദയം നിറഞ്ഞ സ്വാഗതവും സ്നേഹപൂർവമായ ആശംസകളും നേരുന്നു.