കോട്ടയം: ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസ വകുപ്പുമന്ത്രി എന്‍. ഷംസുദ്ദീന്‍ കൂടിക്കാഴ്ച നടത്തി. പരസ്പരം കുറേയധികം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടായിരുന്നെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
അധ്യാപക നിയമനത്തില്‍ ആര്‍ക്കും ആശങ്ക ഇല്ലാത്ത തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. ഭിന്നശേഷി അധ്യാപക നിയമനങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി പ്രതിസന്ധിയുണ്ട്. അത് പരിഹരിക്കാനുള്ള നീക്കമാണ് നടത്തിയത്. ആ നീക്കത്തില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സഭയുടെ ആവശ്യങ്ങള്‍ പരിഗണിച്ചും അവരെ വിശ്വാസത്തില്‍ എടുത്തും മുന്നോട്ടു പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി.
മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സഭ കുറച്ച് പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. തുറന്ന മനസോടെ അവ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചില ഉത്തരവുകളില്‍ വ്യക്തതക്കുറവുകള്‍ സംഭവിച്ചിട്ടുണ്ട്. അവ എങ്ങനെയും വ്യാഖ്യാനിക്കാം എന്ന സ്ഥിതിയുണ്ട്. അത് ഭാവിയില്‍ എയ്ഡഡ് മാനേജ്മെന്റ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്ക് മാറുമെന്ന് ആശങ്കയുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.