സിനിമയിലെ നിശബ്ദ വിലക്കിന് പൂട്ടുവീഴുന്നു: പരാതി പരിഹാര സെല്ലും ഏകജാലകാനുമതിയുമായി സര്‍ക്കാറിന്റെ പുതിയ സിനിമാ നയം

സിനിമയിലെ നിശബ്ദ വിലക്കിന് പൂട്ടുവീഴുന്നു: പരാതി പരിഹാര സെല്ലും ഏകജാലകാനുമതിയുമായി സര്‍ക്കാറിന്റെ പുതിയ സിനിമാ നയം

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അപ്രഖ്യാപിത വിലക്കുകള്‍ക്കും വിവേചനങ്ങള്‍ക്കും ശാശ്വത പരിഹാരമൊരുക്കി സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സിനിമാ നയം ഉടന്‍ പ്രാബല്യത്തില്‍ വരും. മുന്‍ നയത്തില്‍ നിന്ന് കാതലായ മാറ്റങ്ങളോടെ തയാറാക്കിയ പുതിയ കരട് രേഖ അടുത്ത ഘട്ടമായി മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കും. ചലച്ചിത്ര രംഗത്തെ വിവിധ സംഘടനകളുമായി ഘട്ടങ്ങളായുള്ള ആശയ വിനിമയം പൂര്‍ത്തിയാക്കിയ ശേഷം, തദ്ദേശം, വൈദ്യുതി, ടൂറിസം, വ്യവസായം തുടങ്ങിയ പ്രധാന വകുപ്പുകളുമായി ചേര്‍ന്നുള്ള അവസാനവട്ട സംയുക്ത കൂടിയാലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുകയാണ്.

സിനിമാ സംഘടനകളില്‍ പരാതികള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ചില കോണുകളില്‍ നിന്ന് നടപ്പിലാക്കുന്ന നിശബ്ദ മാറ്റിനിര്‍ത്തലുകള്‍ തടയുകയാണ് ഈ പരിഷ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള അപ്രഖ്യാപിത വിലക്കുകള്‍ നിരീക്ഷിക്കുന്നതിനും വ്യക്തികളുടെ തൊഴിലവകാശം സംരക്ഷിക്കുന്നതിനുമായി ഒരു പ്രത്യേക പരാതിപരിഹാര സെല്‍ നയരേഖയുടെ ഭാഗമായി രൂപീകരിക്കും. ഇതിനൊപ്പം തന്നെ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയും തുല്യതയും ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അറിയിച്ചു. ഹേമ കമ്മിറ്റിയുടെയും മുന്‍ സര്‍ക്കാരിന്റെയും നിര്‍ണായക ശുപാര്‍ശകള്‍ ക്രമീകരിച്ചാണ് സമഗ്രമായ പുതിയ നയം രൂപപ്പെടുത്തിയിട്ടുള്ളത്.

മലയാള സിനിമയ്ക്ക് ഔദ്യോഗികമായി വ്യവസായ പദവി നല്‍കാന്‍ തീരുമാനിച്ചതോടെ നിര്‍മാതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ ബാങ്ക് വായ്പകള്‍ ലഭ്യമാകും. ഷൂട്ടിങ് അനുമതികള്‍ വൈകാതെ ഒറ്റക്കുടക്കീഴില്‍ ലഭ്യമാക്കാന്‍ ഏകജാലക സംവിധാനവും വരുന്നുണ്ട്. തിയേറ്ററുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വൈദ്യുതി നിരക്കുകളില്‍ യുക്തിസഹമായ ഇളവുകള്‍ അനുവദിക്കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.