സുപ്രധാന പ്രതിരോധ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി; 13 നാവിക സേനാ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

സുപ്രധാന പ്രതിരോധ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി; 13 നാവിക സേനാ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

വിജയവാഡ: പാക് ചാര സംഘടനയ്ക്ക് രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവിക സേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ കേസില്‍ 13 നാവിക സേനാ ഉദ്യോഗസ്ഥര്‍ കൂടി നിരീക്ഷണത്തില്‍.

ഇന്ത്യന്‍ സുരക്ഷാ സേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഇവര്‍ പാകിസ്ഥാന് കൈമാറിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തില്‍ നാവിക സേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ കൂടുതല്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

പശ്ചിമ ബംഗാള്‍ സ്വദേശിയും നാവിക സേനാ ഉദ്യോഗസ്ഥനുമായ പ്രദീപ് മുഖര്‍ജിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കോയമ്പത്തൂരിലെ നാവിക സേനാ പരിശീലന കേന്ദ്രത്തില്‍ നിന്ന് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഒക്ടോബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വിശാഖപട്ടണം നേവല്‍ ബേസിലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ അന്നം സായ് വരപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിന് പകരം അന്നം സായ് വരപ്രസാദിന് പണം ലഭിച്ചിരുന്നോയെന്ന് അന്വേഷിച്ച് വരികയാണ്.

പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുമായി ഇന്ത്യയിലെ ചിലര്‍ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശ് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ അന്വേഷണത്തിന് 12 സംഘങ്ങളെ ഏകോപിപ്പിച്ച് 'ഓപ്പറേഷന്‍ ഫയര്‍വാള്‍ 2026'ന് തുടക്കം കുറിച്ചിരുന്നു.

ഈ ഓപ്പറേഷന്റെ ഭാഗമായി ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയം പരിശോധനകള്‍ നടത്തിയതായാണ് വിവരം. സംശയാസ്പദമായ വ്യക്തികളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.