ഗാര്‍ഹിക പീഡനങ്ങള്‍ സ്ത്രീകള്‍ക്ക് തുറന്നു പറയാം; കേള്‍ക്കാന്‍ സ്റ്റേഷനുകളില്‍ പ്രത്യേക ദൗത്യ സംഘം: സര്‍ക്കാരിന്റെ 'സ്പീക്ക് അപ്പ്' പദ്ധതിക്ക് തുടക്കമായി

ഗാര്‍ഹിക പീഡനങ്ങള്‍ സ്ത്രീകള്‍ക്ക് തുറന്നു പറയാം; കേള്‍ക്കാന്‍ സ്റ്റേഷനുകളില്‍ പ്രത്യേക ദൗത്യ സംഘം: സര്‍ക്കാരിന്റെ  'സ്പീക്ക് അപ്പ്' പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം:  വര്‍ധിച്ചു വരുന്നന ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്പീക്ക് അപ്പ് എന്ന പദ്ധതി വഴി ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ കര്‍ശനവും അതിശക്തവുമായ നടപടിക്കാണ് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നത്. അതിനായി ഐജി അജിത ബീഗം ഐപിഎസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

നിരോധിച്ചെങ്കിലും 'സതി'യുടെ പ്രേതങ്ങള്‍ ഇപ്പോഴും നമ്മുടെ വീടുകളില്‍ അലഞ്ഞു നടക്കുന്നുണ്ട്. അതിലൊന്നാണ് ഗാര്‍ഹിക പീഡനമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മരുമകള്‍ക്ക് നേരെയുള്ള പോരും പീഡനവും ഒരു ദുരാചാരം പോലെ പല വീടുകളിലും തുടരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 92 സ്ത്രീകളാണ് മരിച്ചത്. ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷത്തില്‍ ഏതാണ്ട് 15,000 ലേറെ പരാതികളാണ് ലഭിച്ചത്. പരാതി പറയാന്‍ പോലും സാധിക്കാതെ പീഡനം നിശബ്ദം സഹിക്കുന്നവര്‍ ഇതിലും എത്രയോ വലുതാണ്.

അറുപതിലേറെ വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിരോധിച്ച സ്ത്രീധനം ഇന്നും നമ്മുടെ പെണ്‍മക്കളുടെ ഘാതകരാകുന്നത് ഇനിയും കണ്ടുനില്‍ക്കാനാവില്ല. യുഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ 'അവള്‍ക്കൊപ്പം' പദ്ധതിയുടെ ഭാഗമായി, സമഗ്രമായ സ്ത്രീ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.

പറയാന്‍ മടിക്കുകയോ, പറയാതിരിക്കുകയോ അല്ല ചെയ്യേണ്ടത്. സ്പീക്ക് അപ്പ്. ഗാര്‍ഹിക പീഡനത്തിനെതിരെ സര്‍ക്കാരിന്റെ അതിശക്തമായ ഇടപെടലാണ് സ്പീക്ക് അപ്പ് പദ്ധതി. സഹോദരിയെപ്പോലെ, കൂട്ടുകാരിയെപ്പോലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഈ പ്രത്യേക ദൗത്യ സംഘം കേള്‍ക്കും.

സ്പീക്ക് അപ് ക്യാമ്പയിന്റെ ഭാഗമായി ഇനി മുതല്‍ സ്റ്റേഷനുകളില്‍ നിന്ന് ഗാര്‍ഹിക പീഡന വിവരങ്ങള്‍ ദിവസവും ശേഖരിക്കും. വേഗത്തില്‍ നിയമ നടപടിയും സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കും. ഒരുവിധ പീഡനങ്ങളോടും സ്ത്രീകള്‍ മൗനം പാലിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.