ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം കനക്കുമ്പോഴും, അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മുതിരാതെ നിശബ്ദത പാലിച്ച് കേന്ദ്ര സര്‍ക്കാരും ബി.ജെ.പി നേതൃത്വവും. ക്രമസമാധാന പാലനത്തിനായുള്ള പൊലീസ് നടപടികള്‍ക്കപ്പുറം രാഷ്ട്രീയതലത്തില്‍ യാതൊരു നീക്കവും നടത്തേണ്ടതില്ലെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലവിലെ തീരുമാനം.
മുന്‍പ് ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭ സമയത്ത് വിദ്യാര്‍ഥികളുമായും ഇതര സംഘടനകളുമായും സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ എസ്.ഐ.ആര് ക്രമക്കേടും കമ്മീഷണറുടെ രാജിയും ഉന്നയിച്ച് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭത്തില്‍ അത്തരം ചര്‍ച്ചാ സാധ്യതകള്‍ ഭരണപക്ഷം പൂര്‍ണമായും തള്ളിക്കളയുകയാണ്.
ഭരണഘടനാപരമായ ഉയര്‍ന്ന പദവിയിലിരിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുന്ന സമരത്തില്‍ ഇടപെട്ട് ചര്‍ച്ച നടത്തുന്നതില്‍ സര്‍ക്കാരിന് ഭരണഘടനാപരമായും സാങ്കേതികമായും വലിയ തടസങ്ങളുണ്ട്. ഇതിനുപുറമെ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ച് പ്രത്യാക്രമണം നടത്തിയാല്‍ അത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നേടിക്കൊടുക്കുമെന്ന കണക്കുകൂട്ടലും ബി.ജെ.പിയ്ക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയത്തില്‍ പുലര്‍ത്തുന്ന മൗനവും ബി.ജെ.പി നേതൃത്വം മാധ്യമ സമ്മേളനങ്ങളിലൂടെ പ്രതിപക്ഷത്തെ പരിഹസിച്ച് ലഘൂകരിക്കാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഈ സമരത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ ആവേശം നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ വിഷയം ജനകീയ ചര്‍ച്ചയാക്കി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ഭരണപക്ഷത്തെ ചൊടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഒക്ടോബര്‍ 10 മുതല്‍ സി.ജെ.പിയുടെ നേതൃത്വത്തിലുള്ള സമരം ആരംഭിക്കുന്നതോടെ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭങ്ങളിലേക്ക് തിരിയുമെന്നാണ് ബി.ജെ.പി കരുതുന്നത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രക്ഷോഭം കരുത്താര്ജിക്കുന്നതിനേക്കാള് സി.ജെ.പി പോലെയുള്ള സംഘടനകള്‍ മുന്നില്‍ നില്ക്കുന്ന പ്രക്ഷോഭങ്ങള്‍ ശ്രദ്ധ നേടുന്നതാണ് രാഷ്ട്രീയമായി തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതമെന്ന് ബി.ജെ.പി വിലയിരുത്തുന്നു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടിയുടെ ഘടനയോ വലിയ സംഘടനാ ശക്തിയോ ഇല്ലാത്ത സി.ജെ.പി ഉയര്‍ത്തുന്ന ഭീഷണി താരതമ്യേന ചെറുതാണ്. അതുകൊണ്ടുതന്നെ സി.ജെ.പി പ്രക്ഷോഭ രംഗത്തേക്ക് എത്തുന്നതോടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മേല്‍ക്കൈ ദുര്‍ബലമാകുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.