തിരുവനന്തപുരം: പ്രവാസി മലയാളികളുടെ നിക്ഷേപവും പരിചയസമ്പത്തും ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വന്‍ വ്യാവസായിക വിപ്ലവത്തിന് വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പും നോര്‍ക്കയും ചേര്‍ന്ന് പുതിയ പദ്ധതി പ്രഖ്യാപിച്ചു. നോര്‍ക്ക സ്വകാര്യ വ്യവസായ എസ്റ്റേറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ പദ്ധതിയിലൂടെ പ്രവാസികള്‍ക്കും മടങ്ങിയെത്തിയവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സ്വന്തമായി വ്യവസായ എസ്റ്റേറ്റുകളും സ്റ്റാന്‍ഡേഡ് ഡിസൈന്‍ ഫാക്ടറികളും ആരംഭിക്കാന്‍ അവസരമൊരുങ്ങുന്നു. പ്രവാസികള്‍ക്ക് ഭൂരിപക്ഷം ഓഹരിയുള്ള കമ്പനികള്‍, സഹകരണ സംഘങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, എം.എസ്.എം.ഇ കണ്‍സോര്‍ഷ്യം എന്നിവയ്ക്കും ഈ പദ്ധതിയുടെ പൂര്‍ണ പ്രയോജനം ലഭിക്കും.
നാട്ടില്‍ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പരമാവധി മൂന്ന് കോടി രൂപ വരെ സര്‍ക്കാര്‍ സഹായധനം റീഇംപേഴ്‌സ്മെന്റായി നല്‍കുന്നത് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമാകും. എസ്റ്റേറ്റുകളിലേക്ക് ആവശ്യമായ ഏഴ് മീറ്റര്‍ വീതിയുള്ള റോഡുകള്‍ നിര്‍മിക്കുന്നതിന് മീറ്ററിന് പതിനാലായിരം രൂപ നിരക്കില്‍ എഴുപത്തഞ്ച് ലക്ഷം രൂപ വരെയും, വൈദ്യുതി സബ്സ്റ്റേഷനുകള്‍ക്കും ലൈനുകള്‍ക്കുമായി നാല്‍പത് ലക്ഷം രൂപ വരെയും സര്‍ക്കാരില്‍ നിന്ന് ലഭിക്കും. ഇതിന് പുറമെ കുടിവെള്ള വിതരണത്തിന് നാല്‍പത് ലക്ഷം രൂപയും, മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് മുപ്പത് ലക്ഷം രൂപയും, മറ്റ് പൊതു സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് എണ്‍പത് ലക്ഷം രൂപയും, സ്റ്റാന്‍ഡേഡ് ഡിസൈന്‍ ഫാക്ടറികളുടെ നിര്‍മാണത്തിന് ഒന്നരക്കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കും.
പദ്ധതിയുടെ ഭാഗമാകാന്‍ ഭൂമിയുടെ അളവിലും വിസ്തീര്‍ണത്തിലും വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ ഏഴ് ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ക്ക് ബഹുനില കെട്ടിട സമുച്ചയങ്ങളായ സ്റ്റാന്‍ഡേഡ് ഡിസൈന്‍ ഫാക്ടറികള്‍ സ്ഥാപിക്കാം. ഇവിടെ കുറഞ്ഞത് പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണവും ഒപ്പം ആയിരം ചതുരശ്ര അടിയെങ്കിലും വിസ്തീര്‍ണമുള്ള അഞ്ച് നിര്‍മാണ യൂണിറ്റുകളും ഉണ്ടായിരിക്കണം. ഏഴ് ഏക്കറിന് മുകളില്‍ പതിനഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങാന്‍ അനുമതിയുള്ളത്. കൈവശമുള്ള സ്വന്തം ഭൂമിക്കൊപ്പം കുറഞ്ഞത് മുപ്പത് വര്‍ഷത്തെ പാട്ടാവകാശമുള്ള ഭൂമിയും ഇതിനായി ഉപയോഗിക്കാമെങ്കിലും, നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങള്‍, പരിസ്ഥിതിലോല പ്രദേശങ്ങള്‍, തീരദേശ പരിപാലന മേഖല, തോട്ടം ഭൂമി എന്നിവയെ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
വ്യവസായങ്ങള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏകജാലക സംവിധാനവും കര്‍ശനമായ സമയക്രമവും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡിവലപ്പര്‍ പെര്‍മിറ്റ് ലഭിക്കുന്നതോടൊപ്പം ഓരോ എസ്റ്റേറ്റിനും പ്രത്യേക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിച്ച് അനുമതികള്‍ വേഗത്തിലാക്കും. അനുമതി ലഭിച്ച് രണ്ട് മാസത്തിനകം കെട്ടിട നിര്‍മാണത്തിന് അപേക്ഷ നല്‍കുകയും മൂന്ന് മാസത്തിനകം നിര്‍മാണം ആരംഭിക്കുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. അതേസമയം പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന റെഡ് കാറ്റഗറിയില്‍പ്പെടുന്ന വ്യവസായങ്ങള്‍ക്ക് ഇത്തരം എസ്റ്റേറ്റുകളില്‍ അനുമതി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.