ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടെ ഫ്‌ളൈ ദുബായ് വിമാനം തകര്‍ക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം തടഞ്ഞ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഇസ്രയേലിന്റെ പരമോന്നത സിവിലിയന്‍ ധീരതാ പുരസ്‌കാരം നല്‍കി ആദരിക്കും.
സ്മിത് മച്ചാറിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ധീരതാ പുരസ്‌കാരമായ 'പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഫോര്‍ സിവിലിയന്‍ ഹീറോയിസം' സമ്മാനിക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വ്യക്തമാക്കി. വിമാനം തകരാതെ രക്ഷിക്കാന്‍ സഹായിച്ച ആറ് ഇസ്രയേലി യാത്രക്കാര്‍ക്ക് 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഫോര്‍ സിവിലിയന്‍ ഹീറോയിസം' സമ്മാനിച്ചു.
ഇസ്രയേലി യാത്രക്കാരായ താലി മനെസ്, സ്വിക മനെസ്, യാനിവ് ഹായൂണ്‍, ഡോ. ഷോത മുസായേവ്, അസാഫ് രാജ്വാന്‍, ഓര്‍ പര്‍ദിലോവ് എന്നിവര്‍ക്കാണ് പ്രസിഡന്റ് സിവിലിയന്‍ ധീരതാ പുരസ്‌കാരം നല്‍കിയത്.
താലി മനെസാണ് ആദ്യം അപകട മുന്നറിയിപ്പ് നല്‍കിയത്. യാനിവ് ഹായൂണ്‍, സ്വിക മനെസ്, ഓര്‍ പര്‍ദിലോവ്, അസാഫ് രാജ്വാന്‍ എന്നിവര്‍ ചേര്‍ന്ന് ക്യാപ്റ്റനെ ആക്രമിച്ച സഹപൈലറ്റിനെ കീഴ്‌പ്പെടുത്തി. ഡോക്ടറായ ഷോത മുസായേവ് പരിക്കേറ്റ പൈലറ്റിന് അടിയന്തര വൈദ്യസഹായം നല്‍കി.
'ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ വേഗത്തിലും പൂര്‍ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു. ക്യാപ്റ്റന്‍ മച്ചാറിന്റെ അസാമാന്യ ധൈര്യവും പ്രൊഫഷണലിസവുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. അദ്ദേഹത്തിന് ആരോഗ്യം തിരിച്ചു കിട്ടിയശേഷം, ഇസ്രയേല്‍ ജനതയ്ക്കുവേണ്ടി ഈ പരമോന്നത പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എനിക്ക് ലഭിക്കുന്ന വലിയൊരു ബഹുമതിയായിരിക്കും' - പ്രസിഡന്റ് ഹെര്‍സോഗ് പറഞ്ഞു.
ഒമാന്‍ പൗരനായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമി കോക്ക്പിറ്റിനുള്ളില്‍ വെച്ച് ക്രാഷ് ആക്‌സ് ഉപയോഗിച്ച് ക്യാപ്റ്റന്‍ സ്മിത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നു പോകുന്ന അവസ്ഥയിലും ക്യാപ്റ്റന്‍ സ്മിത് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കുന്നതില്‍ വിജയിച്ചു.
ഇതോടെ വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി യാത്രക്കാര്‍ക്ക് കോക്ക്പിറ്റില്‍ പ്രവേശിക്കാനും അക്രമിയെ കീഴ്‌പ്പെടുത്താനും സാധിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ നിലവില്‍ യു.എ.ഇയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.