ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഇടപെടലുകളിലും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ കൂറ്റന്‍ മാര്‍ച്ച് ഡല്‍ഹി പൊലീസ് വിജയ് ചൗക്കില്‍ തടഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള നൂറ്റമ്പതോളം എംപിമാരാണ് അണിനിരന്നത്.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന നിര്‍ണായക കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനം നല്‍കാനായി നേതാക്കള്‍ മാര്‍ച്ചായി പുറപ്പെട്ടത്.
മാര്‍ച്ച് വിജയ് ചൗക്കിലെത്തിയതോടെ വന്‍ പൊലീസ് സന്നാഹം റോഡില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി എംപിമാരെ തടയുകയായിരുന്നു. ഇതോടെ പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍ തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടികള്‍ക്കെതിരെ എംപിമാര്‍ ശക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് പ്രദേശത്ത് വന്‍ രാഷ്ട്രീയ നാടകീയത സൃഷ്ടിച്ചു.
പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സമരം രൂക്ഷമായെങ്കിലും, നിവേദനം കൈമാറാന്‍ മുന്‍കൂട്ടി അനുമതി ലഭിച്ച പത്തംഗ ഉന്നതതല പ്രതിനിധി സംഘം രാഷ്ട്രപതി ഭവനിലേക്ക് പോയി. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, സിപിഐ ജനറല്‍ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സമാജ്വാദി പാര്‍ട്ടി പ്രതിനിധി രാജീവ് റായ്, എന്‍സിപി (എസ്പി) നേതാവ് സുപ്രിയ സുലെ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ആര്‍ജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോല് തിരുമാളവന് എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ട് നിവേദനം കൈമാറിയത്.
പതിനാറോളം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഒപ്പുവെച്ച നിവേദനത്തില്‍ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സഖ്യം രാഷ്ട്രപതിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. നിലവില്‍ നടക്കുന്ന സ്പെഷ്യല്‍ സമ്മറി റിവിഷന്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കുക, കരടു വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 13 കോടിയോളം വരുന്ന വോട്ടര്‍മാരെ തിരികെ പട്ടികയില്‍ ഉള്‍പ്പെടുത്തുക, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുക എന്നിവയാണ് ഇന്ത്യാ സഖ്യം പ്രധാനമായും ആവശ്യപ്പെടുന്നത്.