ഷാര്‍ജ: ഫ്‌ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം റാഞ്ചാന്‍ ഒമാനി കോ-പൈലറ്റ് ഹമാം അല്‍-ഹമ്മാമി നടത്തിയ ശ്രമത്തിന് പിന്നില്‍ വന്‍ ചാവേര്‍ ആക്രമണ പദ്ധതിയായിരുന്നുവെന്ന് യുഎഇ അന്വേഷണ സംഘം വെളിപ്പെടുത്തി. ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കി വന്‍ ദുരന്തം സൃഷ്ടിക്കാനായിരുന്നു ഇയാളുടെ പദ്ധതി.
2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ നിന്നാണ് ഇയാള്‍ ഇതിനുള്ള പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന ഹമാം, ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തിയത്. 2020 മുതല്‍ 2024 വരെ ഒമാന്‍ എയറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ബോക്‌സിങിലും പ്രത്യേക പരിശീലനം നേടിയിരുന്നു. മുന്‍പ് രണ്ട് തവണ വിമാനമാര്‍ഗം ടെല്‍ അവീവിലേക്ക് യാത്ര ചെയ്തിട്ടുള്ള ഇയാള്‍, ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഫ്‌ളൈ ദുബായില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇയാളുടെ തീവ്രവാദ പശ്ചാത്തലത്തെക്കുറിച്ച് കമ്പനിക്ക് യാതൊരുവിധ മുന്നറിയിപ്പും സുരക്ഷാ സൂചനകളും ഉണ്ടായിരുന്നില്ല.
വിമാനത്തില്‍ വെച്ച് ഹമാം ക്യാപ്റ്റനെ അപ്രതീക്ഷിതമായി ആക്രമിച്ചപ്പോള്‍, മടക്ക യാത്രയില്‍ വിമാനം പറത്തേണ്ടിയിരുന്ന മറ്റൊരു പൈലറ്റാണ് കൃത്യ സമയത്ത് കോഡ് ഉപയോഗിച്ച് കോക്ക്പിറ്റിന്റെ വാതില്‍ തുറന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഇടപെട്ടത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് വിമാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയില്‍ സുരക്ഷിതമായി അടിയന്തരമായി ഇറക്കുകയുമായിരുന്നു. ഈ ആക്രമണത്തിന് പിന്നില്‍ ബാഹ്യ ശക്തികളുടെ പ്രേരണയോ മറ്റ് ബാഹ്യ സഹായങ്ങളോ ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക മൊഴികളില്‍ നിന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.