ഇരട്ട ഭൂകമ്പത്തിലും തുടര്‍ച്ചയായ പ്രകമ്പനങ്ങളിലും വിറച്ച് പനാമ: രാജ്യത്ത് അടിയന്തരാവസ്ഥ, കനത്ത നാശനഷ്ടം

ഇരട്ട ഭൂകമ്പത്തിലും തുടര്‍ച്ചയായ പ്രകമ്പനങ്ങളിലും വിറച്ച് പനാമ: രാജ്യത്ത് അടിയന്തരാവസ്ഥ, കനത്ത നാശനഷ്ടം

പനാമ സിറ്റി: വിനാശകരമായ ഇരട്ട ഭൂകമ്പങ്ങള്‍ക്കും അതിന് ശേഷം ഉണ്ടായ നൂറിലധികം ശക്തമായ ഉപചലനങ്ങള്‍ക്കും പിന്നാലെ പനാമയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.7, 6.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭയാനകമായ രണ്ട് ഭൂചലനങ്ങളാണ് രാജ്യത്തെ പിടിച്ചുകുലുക്കിയത്. ആളപായമൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 27 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വ്യാപക നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് സമീപമുള്ള വെരാഗുവാസ്, ഹെറേറ, കോക്ലെ, ലോസ് സാന്റോസ് എന്നി മധ്യ പ്രവിശ്യകളിലാണ് ഏറ്റവും വലിയ നാശം ഉണ്ടായത്. 400 ല്‍ അധികം വീടുകള്‍, നൂറുകണക്കിന് വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, പാലങ്ങള്‍ എന്നിവ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. ആസിറോ ഉപദ്വീപിന്റെ ഭാഗമായ ലാ വില്ല ഡി ലോസ് സാന്റോസിലെ 1938 ല്‍ ദേശീയ പൈതൃകമായി പ്രഖ്യാപിച്ച പ്രശസ്തമായ സാന് അറ്റനാസിയോ കത്തോലിക്കാ പള്ളിയും നിരവധി കെട്ടിടങ്ങളും നിലംപൊത്തി. തകര്‍ന്ന വീടുകളില്‍ നിന്നും ഒഴിഞ്ഞോടിയ നൂറുകണക്കിന് കുടുംബങ്ങള്‍ തെരുവുകളിലും താല്‍കാലിക ടെന്റുകളിലുമാണ് അഭയം തേടിയിരിക്കുന്നത്.

തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭവും അപ്രതീക്ഷിതമായി സമുദ്രനിരപ്പ് ഉയര്‍ന്നതും കാരണം ഐസ്ലാ കാന ദ്വീപില്‍ നിന്ന് അഞ്ഞൂറോളം ആളുകളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിശ്ചലമായതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. പനാമ കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം നിലവില്‍ സുരക്ഷിതമായി തുടരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുരന്ത ബാധിതരെ സഹായിക്കാനായി അമേരിക്ക ദുരന്ത നിവാരണ സേനയെ നിയോഗിക്കുകയും അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.