മാസപ്പടി കേസ്: പിണറായി വിജയന്റെ ഹര്‍ജിയെ പിന്തുണച്ച് സര്‍ക്കാര്‍; കേസെടുക്കാന്‍ മതിയായ തെളിവില്ലെന്ന് വാദം

മാസപ്പടി കേസ്: പിണറായി വിജയന്റെ ഹര്‍ജിയെ പിന്തുണച്ച് സര്‍ക്കാര്‍; കേസെടുക്കാന്‍ മതിയായ തെളിവില്ലെന്ന് വാദം

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മോധാവിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഹര്‍ജിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍.

കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്നും ചില ഡയറി രേഖകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനാലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ് ഇട്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

പിണറായിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ എന്താണ് പ്രശ്നമെന്ന ചോദ്യം ഹൈക്കോടതി ആവര്‍ത്തിച്ചു. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്ലെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമല്ലോയെന്നും കോടതി ആരാഞ്ഞു. ലഭിച്ച തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമായിരുന്നില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

പിണറായി വിജയനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് പി.എ മുഹമ്മദ് റിയാസും കോടതിയില്‍ വാദങ്ങള്‍ ഉന്നയിച്ചു. ഹര്‍ജി പൊതുതാല്‍പര്യ ഹര്‍ജിയാണെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അത് പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നുമാണ് റിയാസിന്റെ വാദം. ഹര്‍ജി പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണെന്നും അദ്ദേഹം വാദിച്ചു.

ഹര്‍ജിക്കാരനായ കെ.എം ഷാജഹാന്‍ സത്യസന്ധനായ ഹര്‍ജിക്കാരന്‍ അല്ലെന്നും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന വ്യക്തിയായി കാണാനാവില്ലെന്നും സര്‍ക്കാരും മറ്റ് എതിര്‍ കക്ഷികളും കോടതിയില്‍ വാദിച്ചു. മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഷാജഹാന്‍ നേരത്തെ പ്രതികൂല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെന്നും പിന്നീട് മാപ്പപേക്ഷിച്ച് നടപടികളില്‍നിന്ന് ഒഴിവായെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

അതേസമയം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ഹര്‍ജിയെ ഇ.ഡി എതിര്‍ത്തു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതികള്‍ക്ക് എങ്ങനെ അപ്പീല്‍ നല്‍കാനാകുമെന്നായിരുന്നു ഇ.ഡിയുടെ ചോദ്യം. അപ്പീലില്‍ വാദം തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.