ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യ ഭരണക്രമവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പോരാടുമെന്ന ശക്തമായ ആഹ്വാനവുമായി ഇന്ത്യാ മുന്നണി നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനം. എ.ഐ.സി.സി നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച ചായ സല്‍ക്കാരത്തിന് ശേഷമാണ് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവ്, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, എന്‍.സി.പി (എസ്.സി.പി.) എം.പി സുപ്രിയ സുലെ, സമാജ്വാദി പാര്‍ട്ടി എം.പി ഹരേന്ദ്ര മാലിക്, പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഐസ പ്രസിഡന്റ് നേഹ ബോറ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ ജനാധിപത്യം പൂര്‍ണമായും പുനസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് തിരഞ്ഞെടുപ്പ് വ്യവസ്ഥ തകര്‍ക്കപ്പെടുകയും ഭരണഘടനാ മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാന്തര സമരങ്ങള്‍ക്കല്ല, മറിച്ച് ഒരൊറ്റ പോരാട്ടത്തിനാണ് പ്രസക്തിയെന്നും അദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യാ മുന്നണി സംഘടിപ്പിച്ച പരിപാടികള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരായ ജനങ്ങളും യുവാക്കളും സ്വന്തമായി മുന്‍കൈയെടുത്ത് സമരങ്ങളില്‍ പങ്കാളികളാകുന്നത് അപൂര്‍വവും പ്രതീക്ഷ നല്‍കുന്നതുമായ കാഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ശ്രമമെന്ന് ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവ് ആരോപിച്ചു. ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാവകാശവും കവര്‍ന്നെടുക്കുകയാണ്. പരമ്പരാഗത സമര കേന്ദ്രമായ ജന്തര്‍ മന്തറില്‍ നിന്ന് പ്രതിഷേധങ്ങള്‍ നഗരാതിര്‍ത്തികളിലേക്ക് മാറ്റാന്‍ അധികാരികള്‍ നിര്‍ബന്ധിതരായത് അവരുടെ ഭയം മൂലമാണെന്നും ജനാധിപത്യ സംരക്ഷണത്തിനായി എത്ര വലിയ ത്യാഗവും സഹിക്കാന്‍ ഇന്ത്യാ മുന്നണി തയ്യാറാണെന്നും അദേഹം വ്യക്തമാക്കി.