ജയ്പൂര്‍: ജര്‍മനിയിലെ ഫ്രാങ്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം.
നിലവില്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. വിമാന റാഞ്ചല്‍ മുന്നറിയിപ്പ് കൂടി ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഏകദേശം 250 യാത്രക്കാരാണ് എയര്‍ ഇന്ത്യയുടെ എഐ 2030 വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് കുറച്ച് സെക്കന്‍ഡുകളോളം 'സ്ക്വാക്ക് 7500' എന്ന കോഡ് ഉപയോഗിച്ചു എന്ന വിവരം പുറത്തു വരുന്നുണ്ട്. അഹമ്മദാബാദ് എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ഈ സന്ദേശം ലഭിച്ചത്.
വിമാനം റാഞ്ചുന്നതോ പിടിച്ചെടുക്കുന്നതോ ആയ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ രഹസ്യമായി വിവരം അറിയിക്കാന്‍ ഉപയോഗിക്കുന്ന അടിയന്തര അലര്‍ട്ടാണ് 'സ്ക്വാക്ക് 7500' എന്നത്. സന്ദേശം ലഭിച്ചതോടെ ദേശീയ സുരക്ഷാ ഏജന്‍സികളെയടക്കം അഹമ്മദാബാദ് എയര്‍ ട്രാഫിക് കണ്ട്രോള് വിവരമറിയിച്ചു. തുടര്‍ന്നാണ് വിമാനം ജയ്പൂരില്‍ ഇറക്കിയത്.
യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര പുനക്രമീകരിക്കാനുള്ള അവസരമോ, ടിക്കറ്റ് തുക പൂര്‍ണമായി തിരികെ ലഭിക്കാനുള്ള സൗകര്യമോ ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.