പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ പദ്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു

പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ പദ്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു

കല്‍പ്പറ്റ: വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും പദ്മശ്രീ ജേതാവും അറിയപ്പെടുന്ന ജൈവ കര്‍ഷകനുമായ ചെറുവയല്‍ രാമന്‍ (74) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ നേടിയ കുറിച്യ സമുദായാംഗമായ കര്‍ഷകനായിരുന്നു രാമന്‍. 2023 ലാണ് രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചത്.

1952 ല്‍ വയനാട് മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്. വിദേശത്ത് നിന്ന് കൃഷിയെക്കുറിച്ചറിയാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ രാമന്റെ കമ്മനയിലെ വസതിയില്‍ എത്താറുണ്ടായിരുന്നു. വയനാട്ടിലെ പരമ്പരാഗതമായ വൈക്കോലും പുല്ലും മേഞ്ഞ മണ്‍വീട്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.

വയനാടിന്റെ നെല്ലച്ഛന്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം, നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടന്‍ നെല്‍വിത്തിനങ്ങളില്‍ മുപ്പതെണ്ണം കൃഷി ചെയ്ത് നിലനിര്‍ത്തിയിരുന്നു.

ബ്രസീല്‍, യുഎഇ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2018 ല്‍ അജ്മലില്‍ ക്ലാസെടുക്കാന്‍ പോയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്ന് യാത്രകള്‍ കുറച്ചിരുന്നു. സിംഗപ്പൂരിലും ലണ്ടനിലും ക്ലാസെടുക്കാന്‍ ക്ഷണമുണ്ടായെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ പോയില്ല. ഭാര്യ: ഗീത. മക്കള്‍: രമണി, രമേശന്‍, രാജേഷ്, രജിത. മരുമക്കള്‍: രജിത, തങ്കമണി, രാജന്‍, ഉണ്ണികൃഷ്ണന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.