റിയാദ്: അവധിക്ക് നാട്ടിലെത്തി സൗദി അറേബ്യയിലെ റിയാദിലേക്ക് മടങ്ങുന്നതിനിനിടെ ജിദ്ദ വിമാനത്താവളത്തില്‍ കാണാതായ വയനാട് സ്വദേശിനിയായ നഴ്‌സ് സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു.
സുല്‍ത്താന്‍ ബത്തേരി അയ്യങ്കൊല്ലി അനന്ത് നിവാസില്‍ രവിയുടെയും സെല്‍വിയുടെയും മകളായ ഫിലോമിനയാണ് നിരോധിത മരുന്ന് കൈവശം വച്ചതിന് പിടിയിലായത്.ഫിനോമിനക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര അധികൃതര്‍ വ്യക്തമാക്കി.
ഒന്നര മാസത്തെ അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാനായി റിയാദിലേക്ക് മടങ്ങിയ ഫിലോമിനയെക്കുറിച്ച് അവസാനമായി ലഭിച്ചത് ജിദ്ദ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന സന്ദേശം മാത്രമായിരുന്നു. ഇതിനുശേഷം യുവതി എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഫിലോമിന. ഒക്ടോബര്‍ പത്തിന് ബംഗളൂരുവില്‍ നിന്ന് ഭര്‍ത്താവ് ജോണിനോടും കുടുംബത്തോടും യാത്രപറഞ്ഞ് വിമാനം കയറിയ ഫിലോമിന, ജിദ്ദയിലെത്തിയ ശേഷം കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് റിയാദിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ യാത്ര തുടരാനിരിക്കെയാണ് യുവതിയെ കാണാതാകുന്നത്.
വിമാനത്താവളത്തില്‍ ഇറങ്ങിയ തന്നെ ജീവനക്കാര്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ബാഗും മറ്റ് സാധനങ്ങളും പരിശോധിച്ച ശേഷം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് വാങ്ങി വെച്ചെന്നുമായിരുന്നു ഫിലോമിന കുടുംബത്തിന് നല്‍കിയ അവസാന സന്ദേശം.
തന്റെ ബാഗുകളും സാധനങ്ങളും കൊണ്ടു പോകാന്‍ മറ്റാരെയെങ്കിലും ഏര്‍പ്പാടാക്കാന്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടതായും ഫിലോമിന വാട്സാപ്പിലൂടെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫിലോമിനയുടെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും സ്വിച്ച് ഓഫായി.
തുടര്‍ന്ന് റിയാദിലെ ആശുപത്രിയിലും താമസ സ്ഥലത്തും അന്വേഷിച്ചെങ്കിലും ഫിലോമിന അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയത്. ജിദ്ദയില്‍ വിമാനമിറങ്ങിയ ശേഷം പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ കുടുംബം ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇന്നാണ് നിരോധിത മരുന്ന് കൈവശം വച്ചതിന് ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം കുടുംബത്തിന് ലഭിച്ചത്.