ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഒരു ചരക്കുകപ്പല്‍ പൂര്‍ണമായും മുങ്ങി. ആക്രമണം നേരിട്ട രണ്ടാമത്തെ ചരക്കുകപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
സിംഗപ്പൂര്‍ പതാകയേന്തിയ 'ജി.എഫ്.എസ് പ്രൈഡ്' എന്ന കണ്ടെയ്‌നര്‍ കപ്പലാണ് ആക്രമണത്തിന് ഇരയായി മുങ്ങിയത്. മുങ്ങിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ കപ്പല്‍ ഏതെന്ന് വ്യക്തമായിട്ടില്ല.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിയോണീസ് ഷിപ്പ് മാനേജ്മെന്റ് നിയന്ത്രിക്കുന്ന ചെറിയ കണ്ടെയ്‌നര്‍ കപ്പലാണ് മുങ്ങിയ ജി.എഫ്.എസ് പ്രൈഡ്. 2,824 ടി.ഇ.യു ശേഷിയുള്ള ഈ കപ്പലിന് നേരെ പ്രൊജക്ടൈല്‍ ആക്രമണം നടന്നുവെന്നാണ് വിവരം. രണ്ട് കപ്പലുകളിലെയും ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്‍പ് ഇറാനെതിരെ ശക്തമായ ആക്രമണം നടത്തില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയുണ്ടാകണം എന്നാണ് ഇറാന്റെ താല്‍പര്യം.
ഇതിനായി ഹോര്‍മുസില്‍ ആക്രമണം കടുപ്പിക്കാന്‍ ഇറാന്‍ ലക്ഷ്യമിടുന്നതായി നേരത്തേ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ തന്നെ ഇറാന്‍ തൊടുത്തു വിട്ട മിസൈല്‍ ആയിരിക്കാം കപ്പലുകളില്‍ പതിച്ചതെന്നാണ് സംശയം.
ഹോര്‍മുസില്‍ ആക്രമണം കടുപ്പിച്ച് അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ത്താനായാല്‍ അതിലൂടെ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാനും തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി നല്‍കാനും സാധിക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടല്‍.