ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്) പ്രക്രിയയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനും സുപ്രീം കോടതിയുടെ നോട്ടീസ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും 'ഇന്ത്യ' മുന്നണി നേതാക്കളുടെയും സംയുക്ത ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍.
എസ്.ഐ.ആര് വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ പേരില്‍ വോട്ടര്‍മാരെ ഏകപക്ഷീയമായി നീക്കം ചെയ്തുവെന്നും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങളായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരോടും വിഷയത്തില്‍ കോടതി വിശദീകരണം തേടിയിട്ടുണ്ട്.
മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദ്ധരെയും പ്രമുഖ പൗരന്മാരെയും ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണമെന്നാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പേരുകളുടെയും വരുത്തിയ മാറ്റങ്ങളുടെയും കൃത്യമായ ഓഡിറ്റ് നിശ്ചിത സമയപരിധിക്കുള്ളില്‍ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ജനങ്ങളുടെ വോട്ടവകാശം ഹനിക്കപ്പെടാന്‍ അനുവദിക്കില്ല. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ച് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സുതാര്യമായ ജുഡീഷ്യല്‍ പരിശോധന അനിവാര്യമാണെന്നും
പ്രതിപക്ഷ നേതാക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ കോടതി വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതുവരെ നിലവില്‍ പുരോഗമിക്കുന്ന എസ്.ഐ.ആര് നടപടികള്‍ മരവിപ്പിക്കണമെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ അര്‍ഹരായ വോട്ടര്‍മാരെ നീക്കം ചെയ്ത നടപടികള്‍ പുനപരിശോധിച്ച് അവരുടെ പേരുകള്‍ തിരിച്ചു കൊണ്ടുവരാന്‍ സംവിധാനമുണ്ടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷികളും വിദ്യാര്‍ഥി-യുവജന സംഘടനകളും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നിയമ പോരാട്ടം സുപ്രീം കോടതിയിലെത്തിയത്. ഉത്തരവാദപ്പെട്ട ഭരണഘടനാ പദവിയിലിരുന്ന് ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കോടതി നോട്ടീസ് അയച്ചതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വരും.