തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. ഒക്ടോബര്‍ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
കേസ് സുപ്രീം കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം. നിയമസഭ നടക്കുന്ന കാര്യവും ഇ.ഡിയെ അറിയിക്കാനാണ് ആലോചന. കേസില്‍ മുഹമ്മദ് റിയാസിനും ഇ.ഡി ഉടന്‍ സമന്‍സ് അയച്ചേക്കുമെന്നാണ് വിവരം.
അതേസമയം സിഎംആര്‍എല്‍ കേസിലെ പിണറായി വിജയന്റെ ഹര്‍ജി അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. വെക്കേഷന്‍ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കില്‍ 26 ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസും സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വിജിലന്‍സ് എഫ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. സിംഗിള്‍ ബെഞ്ച് വിധിയില്‍ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
തുടര്‍ന്ന് സിഎംആര്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും പിണറായിയുടെ മകള്‍ ടി. വീണ പ്രതിയാണ്. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.