ഒട്ടുക്പോ: നൈജീരിയയിലെ ഒട്ടുക്പോ രൂപതയിലെ കത്തോലിക്കാ വൈദികനായ ഫാ. ജോൺ ഇനാലെഗ്വു ഒടാച്ചെയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. വൈദികന്റെ സുരക്ഷിതമായ മോചനത്തിനായി വിശ്വാസികളുടെ പ്രാർഥന അഭ്യർഥിച്ച് രൂപതാ അധികൃതർ രംഗത്തെത്തി.
ഒക്ടോബർ 16 ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫാ. ജോണിനെ തട്ടിക്കൊണ്ടുപോയ വിവരം രൂപത സ്ഥിരീകരിച്ചത്. സെന്റ് മാർഗരറ്റ്സ് അജെഗ്ബെ-അവും ഇടവകയുടെ വികാരിയായ അദേഹം ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് അക്രമികളുടെ പിടിയിലായത്. രൂപതാ സെക്രട്ടേറിയറ്റിനുവേണ്ടി ചാൻസലർ ഫാ. ജോസഫ് അബോയി ഇറ്റോഡോയാണ് പ്രസ്താവന പുറത്തിറക്കിയത്.
“ഞങ്ങളുടെ വൈദികനായ ഫാ. ജോൺ ഇനാലെഗ്വു ഒടാച്ചെ തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം അങ്ങേയറ്റം ദുഃഖത്തോടെയാണ് അറിയിക്കുന്നത്,” പ്രസ്താവനയിൽ പറയുന്നു.
ഒട്ടുക്പോയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫാ. ജോണിനെ അക്രമികൾ തടഞ്ഞത്. ബെനു സംസ്ഥാനത്തെ ഒഹിമിനി ലോക്കൽ ഗവൺമെന്റ് ഏരിയയിൽ ഒന്റോബി അമേജോ–അജെഗ്ബെ റോഡിലായിരുന്നു സംഭവം.
വൈദികന്റെ മോചനത്തിനായി പ്രാർഥിക്കണമെന്നും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ദൈവത്തിന്റെ സംരക്ഷണം യാചിക്കണമെന്നും രൂപത വിശ്വാസികളോട് അഭ്യർഥിച്ചു.
അതേസമയം നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ സംഘങ്ങളുടെ ആക്രമണങ്ങളും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും ആശങ്ക വർധിപ്പിക്കുകയാണ്. മതനേതാക്കളും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേർ സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഫാ. ജോണിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായുള്ള പ്രാർഥനയിലാണ് വിശ്വാസിസമൂഹം.