കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് മദ്യം വിളമ്പുന്ന ബാറുകളും സ്ഥാപനങ്ങളും ഉത്തരവാദികളാകണമെന്നും വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ കേരളത്തിലും ശക്തമായ നിയമനിര്‍മാണം വേണമെന്നും നിയമവിദഗ്ധര്‍ ആവശ്യപ്പെടുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവിലുള്ള ഡ്രാം ഷോപ്പ് ലോ മാതൃകയിലുള്ള വാണിജ്യ, സാമൂഹിക ആതിഥേയ ബാധ്യത നിയമങ്ങള്‍ നടപ്പിലാക്കണമെന്നാണ് പ്രധാന നിര്‍ദേശം.
നെടുമ്പാശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാവ് മദ്യപിച്ച് ഓടിച്ച കാറിടിച്ച് മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമപരമായ ആവശ്യം ശക്തമായി ഉയരുന്നത്. സാമൂഹിക ബാധ്യത ആതിഥേയ നിയമപ്രകാരം പാര്‍ട്ടികളില്‍ മദ്യം നല്‍കുന്നവരും വാണിജ്യ ആതിഥേയ ബാധ്യത നിയമപ്രകാരം ബാറുകളും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. അമിതമായി ലഹരി ബാധിച്ചവര്‍ക്ക് വീണ്ടും മദ്യം നല്‍കാതിരിക്കുക, ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങുന്നയാള് സ്വന്തമായി വാഹനം ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവ ബാര്‍ നടത്തിപ്പുകാരുടെ നിയമപരമായ ബാധ്യതയായി മാറണം. ബാര്‍ ജീവനക്കാരുടെ വീഴ്ചമൂലം മദ്യപിച്ചിറങ്ങുന്നയാള് അപകടമുണ്ടാക്കിയാല്‍ ഡ്രൈവര്‍ക്കൊപ്പം മദ്യം നല്കിയ ബാറിനെതിരെയും നഷ്ടപരിഹാരത്തിനായി നിയമനടപടി സ്വീകരിക്കാന്‍ ഈ നിയമം വഴി സാധിക്കും.
സിസിടിവി ദൃശ്യങ്ങള്‍, ബില്ലുകള്‍, സാക്ഷിമൊഴികള്‍, പൊലീസ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാകും ഇത്തരം കേസുകളില്‍ ബാധ്യത നിര്‍ണയിക്കുക. കേരളത്തില്‍ നിലവിലുള്ള അബ്കാരി ആക്ട് പ്രകാരം ബാറുകള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നിസാര തടവോ പിഴയോ മാത്രമാണ് ശിക്ഷയായി ലഭിക്കുന്നത്. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ ബാറുകള്‍ക്ക് യാതൊരുവിധ ക്രിമിനല്‍ ബാധ്യതയോ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയോ നിലവിലെ നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നില്ല.
കഴിഞ്ഞ കുറച്ചുകാലമായി സംസ്ഥാനത്ത് മദ്യപിച്ചുണ്ടായ വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇത്തരം അപകടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ബാറുകള്‍ക്ക് കടമയും ബാധ്യതയും ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തിയാല്‍ കേരളത്തിന് രാജ്യത്തിന് തന്നെ മാതൃകയായി മാറാന്‍ കഴിയുമെന്ന് സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. രഞ്ജിത് ബി. മാരാര്‍ വ്യക്തമാക്കുന്നു.