കാനഡയിലെ സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം: നിരവധിപേര്‍ മരിച്ചതായി സൂചന

കാനഡയിലെ സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം: നിരവധിപേര്‍ മരിച്ചതായി സൂചന

ഒട്ടാവ: കനേഡിയന്‍ സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം. നിരവധിപേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ആല്‍ബെര്‍ട്ട പ്രവിശ്യയിലെ എഡ്മണ്ടനില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വെയ്ന്റൈറ്റ് ഫോഴ്‌സ് ബേസ് സൈനിക താവളത്തില്‍ ശനിയാഴ്ചയായിരുന്നു സ്‌ഫോടനം.

ആല്‍ബെര്‍ട്ട സര്‍ക്കാരുമായി ചേര്‍ന്ന് തങ്ങള്‍ രക്ഷാപ്രവര്‍ത്തന നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. കാനഡയില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കണമോ എന്ന കാര്യത്തില്‍ ആല്‍ബെര്‍ട്ട പ്രവിശ്യയില്‍ വോട്ടെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ ദുരന്തം.

കാനഡയുടെ സമീപകാല ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി ഡേവിഡ് മക്ഗ്വിന്റി പറഞ്ഞു. കനേഡിയന്‍ സായുധ സേനയും ഫെഡറല്‍, പ്രവിശ്യാ, തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നത്.

ദുരന്തം ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ കനേഡിയന്‍ സൈന്യവും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.