'കലാപകാരികളോട് വിട്ടുവീഴ്ച ചെയ്യില്ല ': പ്രസിഡന്റിന്റെ മുന്നറിയിപ്പിന് ശേഷവും ഫ്രാന്‍സില്‍ പ്രക്ഷോഭവും കൊള്ളയും തുടരുന്നു

'കലാപകാരികളോട്  വിട്ടുവീഴ്ച ചെയ്യില്ല ': പ്രസിഡന്റിന്റെ മുന്നറിയിപ്പിന് ശേഷവും ഫ്രാന്‍സില്‍ പ്രക്ഷോഭവും കൊള്ളയും  തുടരുന്നു

പാരീസ്: ഫ്രാന്‍സില്‍ ജനകീയ പ്രതിഷേധത്തിനിടെ തെരുവിലിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തിയവര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പിന് ശേഷവും തലസ്ഥാനമായ പാരീസില്‍ കൊള്ളയടിയും അക്രമങ്ങളും തുടരുകയാണ്.

ഇലക്ട്രോണിക്‌സ് കടകളില്‍ ഇരച്ചുകയറിയ മുഖംമൂടി ധരിച്ച സംഘം ടിവി, വാഷിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊള്ളയടിച്ചു. പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ ന്യായീകരിക്കാനോ വിശദീകരിക്കാനോ ക്ഷമിക്കാനോ കഴിയില്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ മാക്രോണ്‍ വ്യക്തമാക്കി.

ന്യായമായ ആവശ്യങ്ങളുമായി തെരുവിലിറങ്ങിയവരെയും സ്ഥാപനങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തവരെയും രണ്ടായിത്തന്നെ കാണണം. തീവ്ര ഇടതുവിഭാഗങ്ങളില്‍ നിന്നുള്ള രാജ്യവിരുദ്ധരും അവരോടൊപ്പം ചേര്‍ന്ന കുറ്റവാളികളുമാണ് നാശനഷ്ടങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയ മാക്രോണ്‍, കലാപകാരികളോട് സര്‍ക്കാര്‍ വിട്ടുവീഴ്ച കാണിക്കില്ലെന്നും പറഞ്ഞു. പ്രക്ഷോഭകര്‍ക്കെതിരായ പോലീസ് നടപടികളില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കും. 'ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ എല്ലാവരും ചിന്തിക്കുന്നത് ഇവര്‍ക്കെന്താണ് സംഭവിച്ചതെന്നാണ്? ഫ്രഞ്ച് ജനതയ്ക്ക് ഫ്രാന്‍സിനോട് എങ്ങനെ ഇത് ചെയ്യാന്‍ കഴിയും'-മാക്രോണ്‍ ചോദിച്ചു.

പ്രസിഡന്റിന്റെ മുന്നറിയിപ്പിനിടയിലും ഞായറാഴ്ച പാരീസില്‍ പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ശനിയാഴ്ചത്തെ അക്രമങ്ങളില്‍ കത്തിയമര്‍ന്ന കാറുകളും തകര്‍ന്ന കടകളുടെ മുന്‍വശങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്തു തീരുന്നതിന് മുമ്പാണ് തലസ്ഥാനത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്. സോഷ്യല്‍ മീഡിയ ആഹ്വാനങ്ങളെ തുടര്‍ന്ന് പാരീസിലെ പ്ലേസ് ഡി ലാ റെപ്പബ്ലിക് ചത്വരത്തില്‍ അധികൃതരുടെ അനുമതിയില്ലാതെ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടുകയായിരുന്നു.

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. നാന്റസില്‍ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഈ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുണെസ് അറിയിച്ചു. പാരീസിന് സമീപം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഒരു പ്രക്ഷോഭകനും മരിച്ചു.

ഇന്ധനവില വര്‍ധന, പ്രതിദിന ജീവിതച്ചെലവ്, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസേവനങ്ങളുടെ തകര്‍ച്ച എന്നിവയില്‍ പ്രതിഷേധിച്ചാണ് ഏകദേശം 5,50,000 ആളുകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. രാജ്യത്തുടനീളം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 2,000 ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ചത്തെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പാരീസില്‍ മാത്രം അറസ്റ്റിലായ 855 പേരില്‍ 550 പേരും ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.