യുഎഇയില്‍ ഡിജിറ്റല്‍ ബില്ലിങ് സംവിധാനത്തില്‍ വന്‍ ഇളവുകള്‍: ബിസിനസുകള്‍ക്ക് ആശ്വാസം

യുഎഇയില്‍ ഡിജിറ്റല്‍ ബില്ലിങ് സംവിധാനത്തില്‍ വന്‍ ഇളവുകള്‍: ബിസിനസുകള്‍ക്ക് ആശ്വാസം

ദുബായ്: രാജ്യത്തെ ബിസിനസ് ഇടപാടുകള്‍ കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കുന്നതിനായി ഡിജിറ്റല്‍ ബില്ലിങ് സംവിധാനത്തില്‍ സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ ധനകാര്യ മന്ത്രാലയം. ഇലക്ട്രോണിക് ഇന്‍വോയിസിങ് രീതി ലളിതമാക്കുന്നതിലൂടെ ബിസിനസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനഭാരം കുറയ്ക്കുകയാണ് ഈ നിര്‍ണായക തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യാപാര സൗഹൃദ അന്തരീക്ഷം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്ന മൂന്ന് പ്രധാന ഇളവുകളാണ് അധികൃതര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ടാക്‌സ് ഗ്രൂപ്പ് ഇളവുകള്‍, ഡാറ്റ സംഭരണത്തിലെ ഇളവ്, സാങ്കേതിക തകരാറുകള്‍ അധികൃതരെ അറിയിക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കല്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ഒരേ ടാക്‌സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ തമ്മില്‍ നടത്തുന്ന ഇടപാടുകളുടെ ഇ-ഇന്‍വോയിസുകള്‍ സമര്‍പ്പിക്കുന്നതിന് ബിസിനസുകള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ സമയം ലഭിക്കും.

നേരത്തെ 2027 ജനുവരി ഒന്ന് മുതല്‍ ഡിജിറ്റല്‍ ഇന്‍വോയിസ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പുതിയ പ്രഖ്യാപന പ്രകാരം ഇത് 2028 ഡിസംബര്‍ 31 വരെ നീട്ടിനല്‍കിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് ഇന്‍വോയിസുകളിലെ വിവരങ്ങള്‍ ഇനി മുതല്‍ യുഎഇയിലെ ബ്രാഞ്ചുകളില്‍ തന്നെ സൂക്ഷിക്കണമെന്ന പഴയ വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ബിസിനസുകള്‍ക്ക് ഏത് രാജ്യത്തെ സ്റ്റോറേജ് സംവിധാനത്തിലും ഈ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ യുഎഇ ടാക്‌സ് അതോറിറ്റിയോ സാമ്പത്തിക മന്ത്രാലയമോ ആവശ്യപ്പെടുന്ന സമയത്ത് ആവശ്യമായ രേഖകള്‍ ഉടനടി ലഭ്യമാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ഇലക്ട്രോണിക് ഇന്‍വോയിസുകള്‍ തയ്യാറാക്കുന്ന കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളിലോ മറ്റ് സാങ്കേതിക സംവിധാനങ്ങളിലോ തകരാറുകള്‍ സംഭവിച്ചാല്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ അധികൃതരെ അറിയിക്കണമെന്ന കര്‍ശന വ്യവസ്ഥയിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഇന്‍വോയ്‌സിങ് സംവിധാനം നടപ്പിലാക്കുമ്പോള്‍ ബിസിനസുകള്‍ക്ക് പരമാവധി വഴക്കം നല്‍കാനും, രാജ്യത്തെ സാമ്പത്തിക മേഖലയെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാനും ഈ മാറ്റങ്ങള്‍ ഉപകരിക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.